ദുബായ് എക്സ്പോ നാളെ ആരംഭിക്കുന്നു ; മഹാമാരിക്കുശേഷമുളള ആദ്യ മഹാമേള

ലോകത്തിനെ  നിശ്ചലമാക്കിയ കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ  ആദ്യ മഹാമേളയായ ദുബായ് വേള്‍ഡ് എക്‌സ്പോ 2020ന് വെള്ളിയാഴ്ച തുടക്കമാകും. ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്പോ 2020. ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 7.30 മുതല്‍ നടക്കും. ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്‌സ്പോ നഗരിയില്‍ നടക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുള്‍പ്പെടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങിനെത്തും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളുമുണ്ടാകും.

ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അല്‍വാസല്‍ പ്ലാസയിലാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷന്‍ ചാനലുകളിലൂടെയും എക്‌സ്പോ ടി വിയിലൂടെയും ചടങ്ങ് വീക്ഷിക്കാം. ആറുമാസം നീണ്ടുനില്‍ക്കുന്ന മഹാമേളയില്‍ രണ്ടരക്കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ 2020 ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്പോയാണ് ഈ വര്‍ഷം നടക്കുന്നത്. വെള്ളിയാഴ്ച മുതലാണ് വേദിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. എട്ട് മണിയോടെ വിശിഷ്ടാതിഥികള്‍ വേദിയിലെത്തും. രാത്രി പത്ത് മണിയോടെ ചടങ്ങുകള്‍ അവസാനിക്കും. നേരത്തെ ടിക്കറ്റെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും.ലോകകപ്പ് പോലുള്ള മഹാമേളകളുടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാനമായ ഒരുക്കമാണ് നടക്കുന്നത്. അറബ് ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തിന്റെ കണ്ണ് മുഴുവന്‍ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളില്‍ ആവേശം വിതക്കും. അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്‍മാരാണ് അണിനിരക്കുന്നത്.

ദുബായ് എക്‌സ്‌പോ 2020ന്റെ ഉദ്ഘാടന ചടങ്ങ് യു എ ഇയിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ്19 ആരംഭിച്ചതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ആഗോള പരിപാടിയായ എക്സ്പോയുടെ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ ഒന്നിന് മൂന്ന് കരിമരുന്ന് പ്രയോഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കും. യുഎഇയിലെ എമാര്‍സ് റോവ്, അര്‍മാനി, വിലാസ ഹോട്ടലുകള്‍ & റിസോര്‍ട്ടുകള്‍, വിദ ഹോട്ടലുകള്‍ & റിസോര്‍ട്ടുകള്‍, അക്കോര്‍, മാരിയറ്റ്, ഹില്‍ട്ടണ്‍, ഐഎച്ച്ജി, റോട്ടാന, ജുമൈറ, ഹയാത്ത് ഇന്റര്‍നാഷനല്‍, ദ പാമിലെ അറ്റ്‌ലാന്റിസ് എന്നിവയടക്കം 240 ഹോട്ടലുകളില്‍ തത്സമയ പ്രദര്‍ശനം നടക്കും. കൂടാതെ, 17 മാജിദ് അല്‍ ഫുത്തൈം മാളുകള്‍, സിറ്റി വോക്ക്, നഖീല്‍ മാള്‍, ഇബ്‌നു ബത്തൂത്ത മാള്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ 50 ജഷന്‍മാല്‍ ലൊക്കേഷനുകള്‍, 97 മെഡിക്ലിനിക്‌സ്, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങള്‍, സബീല്‍ ലേഡീസ് ക്ലബ്, ഷറഫ് ഡിജി എന്നിവിടങ്ങളിലും തത്സമയ പ്രദര്‍ശനമുണ്ടായിരിക്കും.