തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് ലഹരിക്ക് അടിമയായ 18കാരന്‍

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വയെയാണ് ആര്‍പിഎഫ് സ്‌ക്വാഡ് പിടികൂടിയത്. പ്രതി മയക്കുമരുന്നിനു അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ക്കപ്പെട്ടത്.

രാവിലെ വാഹന ഉടമകള്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. കവര്‍ച്ചാശ്രമമല്ല ലഹരി ഉപയോഗമാണ് പ്രതിയെ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പേ ആന്‍ഡ് പാര്‍ക്കിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് വാഹന ഉടമകള്‍ പറയുന്നു. വാഹന ഉടമകളുടെ നഷ്ടം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പാര്‍ക്കിങ് ഏരിയ അധികൃതര്‍ വ്യക്തമാക്കി.