വന്ദേ ഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്‌സ്പ്രസ്, സില്‍വര്‍ ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ എം പി. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ പ്രതിപക്ഷം സമരവുമായി മുന്നോട്ട് പോകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയെ തള്ളാതെ, പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു തരൂരിന്റെ നിലപാട്. സര്‍ക്കാരിന് അനുകൂലമായ നിലപാടില്‍ തരൂരിനോട് കെപിസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമ്പോഴും തരൂരിന്റെ നിലപാട് ഉയര്‍ത്തിയാണ് കോണ്‍ഗ്രസിനെ സി പി എം പ്രതിരോധിച്ചിരുന്നത്. ബജറ്റില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സില്‍വര്‍ ലൈന് ബദലാകുമെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് തരൂര്‍ വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ ദില്ലിയില്‍ പറഞ്ഞു. എന്തായാലും തരൂരിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിന് ആശ്വാസമാവുകയാണ്. നേരത്തെ കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയില്‍ പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന നിലപാടിലേക്ക് തരൂര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകള്‍ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നിരത്തിയ സംസ്ഥാനത്തെ സര്‍ക്കാരും പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പ്രഖ്യാപനത്തെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്.