അന്താരാഷ്ട്ര വിലക്കിനും ഉപരോധങ്ങള്‍ക്കും മറുപടി വിനാശകരമായ ആണവയുദ്ധം ; മുന്നറിയിപ്പുമായി റഷ്യ
അന്താരാഷ്ട്ര ഉപരോധങ്ങളില്‍ കടുത്ത മുന്നറിയിപ്പുമായി റഷ്യ. തങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങള്‍ക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് മോസ്‌കോയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അങ്ങനെയൊരു ഘട്ടം വന്നാല്‍ അത് അതീവ വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്നും ലാവ്റോവിന്റെ മുന്നറിയിപ്പുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളാണ് ഇപ്പോള്‍ മൂന്നാലോക യുദ്ധത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ യുദ്ധം തുടങ്ങിയാല്‍ അത്തരം ആലോചനകള്‍ നടത്തുന്നവര്‍ ആണവയുദ്ധം നടത്തുമെന്നും അത്തരം ആസൂത്രണങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ സര്‍ക്കാര്‍ നവനാസികള്‍ തന്നെയാണ്. യുക്രൈനിലെ നഗരങ്ങളെല്ലാം കൊള്ളയടിക്കുകയാണവര്‍. ഇപ്പോള്‍ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. റഷ്യയുടെ ചെലവില്‍ പടിഞ്ഞാറിന്റെ സുരക്ഷ ഉറപ്പിക്കാനാണ് നാറ്റോ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ ഭരണാധികാരികളും ഹിറ്റ്ലറും നെപ്പോളിയനുമെല്ലാമാണെന്നും സെര്‍ജി ലാവ്റോവ് ആക്ഷേപിച്ചു. പണ്ട് നെപ്പോളിയനും ഹിറ്റ്ലര്‍ക്കുമെല്ലാമായിരുന്നു യൂറോപ്പിനെ കീഴടക്കാനുള്ള പദ്ധതികളുണ്ടായിരുന്നത്. ഇപ്പോഴത് അമേരിക്കക്കാരാണ് ചെയ്യുന്നത്-അദ്ദേഹം ആരോപിച്ചു.









