അമേരിക്കയ്ക്ക് എട്ടിന്റെ പണി കൊടുത്തു റഷ്യ ; റോക്കറ്റ് എന്‍ജിന്‍ വിതരണം നിര്‍ത്തലാക്കി

തങ്ങള്‍ക്ക് എതിരെ തുടരുന്ന അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് തിരിച്ചടിയുമായി റഷ്യ. അമേരിക്കയ്ക്ക് റോക്കറ്റ് എന്‍ജിനുകള്‍ നല്‍കുന്നത് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് നിര്‍ത്തിവച്ചു. റോസ്‌കോസ്മോസ് തലവന്‍ ദ്മിത്രി റോഗൊസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ”ലോകത്തെ ഏറ്റവും മികച്ചവയായ ഞങ്ങളുടെ റോക്കറ്റ് എന്‍ജിനുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇനിയും അമേരിക്കയ്ക്ക് നല്‍കാനാകില്ല. അവരിനി ചൂലോ വേറെ എന്തുവേണമെങ്കിലും ഉപയോഗിച്ച് പറന്നോട്ടെ…” റോഗൊസിന്‍ പ്രതികരിച്ചു. നേരത്തെ അമേരിക്കയ്ക്ക് നല്‍കിയ റോക്കറ്റ് എന്‍ജിനുകളുടെ സര്‍വീസും നിര്‍ത്തിവയ്ക്കുമെന്ന് റോസ്‌കോസ്മോസ് തലവന്‍ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ സാങ്കേതിക സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകാത്ത 24 എന്‍ജിനുകള്‍ ഇപ്പോള്‍ യു.എസിന്റെ കൈയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

റഷ്യ സ്വന്തമായി വികസിപ്പിച്ച ആര്‍.ഡി-180 എന്‍ജിനുകളാണ് നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും അത്യാധുനികമായ റോക്കറ്റ് എന്‍ജിനാണിത്. 1990നുശേഷം 122 ആര്‍.ഡി-180 എന്‍ജിനുകള്‍ റഷ്യയില്‍നിന്ന് യു.എസ് വാങ്ങിയിട്ടുണ്ട്. ഇതില്‍ 98ഉം നാസയുടെ സുപ്രധാന ബഹിരാകാശദൗത്യ പേടകമായ അറ്റ്ലസിലാണ് ഉപയോഗിച്ചിരുന്നത്. ഫ്രഞ്ച് അധീനതയിലുള്ള ഗ്വിയാനയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ താവളവുമായി സഹകരിക്കുന്നതും റഷ്യ നിര്‍ത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തിനു തിരിച്ചടിയായായിരുന്നു നടപടി. ഉപഗ്രഹങ്ങള്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ വണ്‍വെബിന് റഷ്യ മുന്നറിയിപ്പ് നല്‍കി.

യുക്രൈന്‍ സൈനികനടപടിയില്‍ അന്താരാഷ്ട്ര ഉപരോധം തുടരുന്നതിനിടെ വിവിധ ലോകരാജ്യങ്ങളുടെ പതാക തങ്ങളുടെ റോക്കറ്റില്‍നിന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി നീക്കി. ഏജന്‍സിയുടെ ഭീമന്‍ റോക്കറ്റില്‍നിന്നാണ് യു.എസ്, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. എന്നാല്‍, ഇന്ത്യയുടെ പതാക അവിടെ നിലനിര്‍ത്തുകയും ചെയ്തു. ദക്ഷിണ കസഖിസ്താനില്‍ സ്ഥിതിചെയ്യുന്ന റഷ്യയുടെ ഉടമസ്ഥതയിലുള്ള ബൈകൊനൂര്‍ റോസ്‌കൊമോസ് ബഹിരാകാശ താവളത്തിലാണ് സംഭവം. ഒരുവശത്ത് യുക്രൈന്‍ വിഷയത്തില്‍ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളോടുള്ള റഷ്യയുടെ പ്രതീകാത്മക പ്രതികരണമായിരുന്നു നടപടി. മറുവശത്ത് നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സൗഹൃദം തുടരുമെന്ന നിലപാട് പ്രഖ്യാപനം കൂടിയായാണ് നടപടി വിലയിരുത്തപ്പെടുന്നത്.