ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ രക്ഷിക്കാന്‍ പോയ കേന്ദ്ര മന്ത്രിമാരുടെ നാടകീയ രംഗങ്ങള്‍
ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുക്രൈന്റെ അയല്‍രാജ്യമായ റൊമാനിയയിലേക്ക് അയച്ച മന്ത്രിമാര്‍ പെരുമാറുന്നത് രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍. ഹര്‍ദീപ് പുരി, കിരണ്‍ റിജിജു, വി.കെ സിങ് ,ജ്യോതിരാധിത്യ സിന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മന്ത്രിമാര്‍. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഇടയില്‍ കേന്ദ്ര സര്‍ക്കാരിന് പി ആര്‍ വര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പരിഹാസത്തിനു ഇടയായത്. യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് റൊമാനിയന്‍ നഗരത്തിലെ മേയറില്‍നിന്ന് രൂക്ഷവിമര്‍ശനം.
യുക്രൈനില്‍നിന്നെത്തിയവര്‍ക്കായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിന്ധ്യ. ഇതിനിടയിലാണ് മേയര്‍ ഇടപെട്ടത്. മറ്റ് വിഷയങ്ങള്‍ സംസാരിക്കാതെ എപ്പോള്‍ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വിശദീകരിക്കൂവെന്ന് മേയര്‍ ആവശ്യപ്പെട്ടു . ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. താനെന്ത് സംസാരിക്കണമെന്ന കാര്യം താങ്കള്‍ നിര്‍ദേശിക്കേണ്ടെന്നും അക്കാര്യം താന്‍ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ വ്യക്തമാക്കി. ഇതോടെയാണ് മേയര്‍ നിയന്ത്രണംവിട്ട് കയര്‍ത്തത്. വിദ്യാര്‍ത്ഥികള്‍ കണ്ടുനില്‍ക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി.
‘ഇവര്‍ക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..” ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ മേയറുടെ പ്രതികരണം വിദ്യാര്‍ത്ഥികള്‍ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം. ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കൂവെന്ന് കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു. ഇത് യുദ്ധമേഖലയാണെന്നും നാടകവേദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റില്‍ സൂചിപ്പിച്ചു.
അതുപോലെ ‘ഭാരത് മാതാ കീ’ എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോള്‍ ജയ് വിളിക്കുകയും ‘മാനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്ത യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോയും വൈറലായി. യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാര്‍ഥികളെ സൈനിക വിമാനത്തില്‍ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ജയ് വിളിച്ച വിദ്യാര്‍ഥികള്‍ ‘മനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോള്‍ മിണ്ടാതിരുന്നു. പിന്നീട് ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ അവര്‍ ജയ് വിളിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട ഈ വീഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തെ പി.ആര്‍ പ്രവര്‍ത്തനമാക്കിയെന്നാണ് പലരും വിമര്‍ശിക്കുന്നത്.









