ഉക്രൈന്‍ യുദ്ധം ; രാജ്യത്തു ഇന്ധന വില വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി മന്ത്രി

രാജ്യത്തു ഇന്ധന വില വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പൂരി. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാല്‍ ഇന്ധനലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഇന്ധന വില വര്‍ധനവിനൊരുങ്ങിയിരിക്കുകയാണ് പെട്രോളിയം കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടാന്‍ കാരണം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വര്‍ധനവ് ഇന്ത്യയിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മാര്‍ച്ച് 16നകം 12 രൂപ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വര്‍ധിപ്പിക്കണമെന്ന പമ്പ് ഉടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. ഫിസ്‌ക്കല്‍ കമ്മി കുറയ്ക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് ബജറ്റിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടി വരും. 15 മുതല്‍ 22 രൂപ വരെയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും പ്രതീക്ഷിക്കുന്ന വില വര്‍ധന. പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതോടെ സര്‍ക്കാര്‍ തള്ളിയേക്കും. രൂപയുടെ മൂല്യത്തകര്‍ച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകുമെന്ന ആശങ്ക പരക്കെയുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ വന്‍കുതിപ്പുണ്ടാകുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വിലയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളും ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ 14 ശതമാനമാണ് പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്. അതേസമയം, പാം, സോയ, റാപ്‌സീഡ് ഓയില്‍, നിലക്കടല എന്നിവ പോലുള്ള മറ്റ് ഭക്ഷ്യ എണ്ണകളുടെ വിതരണത്തില്‍ പ്രശ്നമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.