കള്ളപ്പണം വെളുപ്പിക്കല്‍ ; വിവോ കമ്പനികളില്‍ ഇ.ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി റെയ്ഡ് തുടരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇന്ത്യയിലെ 40-ല്‍ അധികം സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തി. കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം വിറ്റുവരവിന്റെ 50 ശതമാനവും ചൈനയിലേക്ക് അയച്ചതായി ED വ്യാഴാഴ്ച പറഞ്ഞു, ഇവിടെ നികുതി വെട്ടിക്കുന്നതിനായാണ് വിവോ 62,476 കോടി രൂപ ചൈനയിലേക്ക് അയച്ചത്. ഇതോടെ വിവോയുടെ 465 കോടി രൂപ ഇ.ഡി കണ്ടുകെട്ടി. എന്നാല്‍ സംഭവത്തില്‍ ന്യായമായ അന്വേഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിവോയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഷവോമി, ഓപ്പോ ഉള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളിലും ഇ.ഡി പരിശോധന നടത്തി. ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള ഏജന്‍സിയുടെ ഒരു വിതരണക്കാരനെതിരെ അടുത്തിടെ ഡല്‍ഹി പോലീസ് (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) എഫ്ഐആര്‍ എടുത്തത്, ആ കമ്പനിയിലെ ഏതാനും ചൈനീസ് ഓഹരി ഉടമകള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു. കടലാസ് കമ്പനികള്‍ ഉപയോഗിച്ച് അനധികൃതമായി സൃഷ്ടിച്ച ഫണ്ട് വെളുപ്പിക്കാനാണ് ഈ വ്യാജരേഖ ചമച്ചതെന്ന് ED സംശയിക്കുന്നു, കൂടാതെ ഈ ”കുറ്റകൃത്യത്തിലൂടെയുള്ള വരുമാനത്തില്‍” ചിലത് ഇന്ത്യന്‍ നികുതി, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ നിരീക്ഷണത്തിലാകാന്‍ കാരണമായി.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യന്‍ വിഭാഗം വിറ്റുവരവിന്റെ 50 ശതമാനം അതായത് 62,476 കോടി രൂപ ചൈനയിലേക്ക് അയച്ചതായി ഇഡി വ്യാഴാഴ്ച വ്യക്തമാക്കി. വിവോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ 23 അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഈ ആഴ്ച ആദ്യം ആരംഭിച്ച പാന്‍-ഇന്ത്യ റെയ്ഡുകള്‍ക്ക് ശേഷം വിവിധ സ്ഥാപനങ്ങള്‍ 119 ബാങ്ക് അക്കൗണ്ടുകളിലായി 465 കോടി രൂപയും 73 ലക്ഷം രൂപയും 2 കിലോ സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയെല്ലാം കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.