ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു

ദുബായ് : യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍ നടന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയും ചേര്‍ന്ന് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിദേശ രാജ്യങ്ങളില്‍ വരെ ഏറെ ജോലി സാധ്യതകളുള്ള കോഴ്സുകള്‍ ലഭ്യമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നിരവധി അവസരങ്ങളാണ് ലഭിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വന്നിരിക്കുന്ന ഈ വന്‍ മാറ്റം മുമ്പൊന്നും സ്വപ്നം പോലും കാണാനാകാത്തതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുകെ ആസ്ഥാനമായ ഐഎസ് ഡിസിയുടെ കോഴ്സുകള്‍ യുഎഇയില്‍ ആംരഭിക്കുന്നതോടെ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനും ജോലി നേടാനുമുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി പറഞ്ഞു.

സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റിയുമായി (എസ് ക്യു എ) സഹകരിച്ച് നല്‍കുന്ന ഈ പ്രോഗ്രാമുകള്‍ക്ക് യുകെയിലെ പ്രമുഖ സര്‍വകലാശാലകളുടെ അംഗീകാരമുണ്ട്. യുകെയിലെ ബിരുദം ഉയര്‍ന്ന ഫീസ് നിരക്ക് കാരണം പലര്‍ക്കും അപ്രാപ്യമാണ്. എന്നാല്‍ സക്സ്സസ് പോയിന്റ് കോളേജിലെ ഐഎസ് ഡിസി പ്രോഗ്രാമുകളുടെ സവിശേഷത ആദ്യ രണ്ട് വര്‍ഷവും യുഎഇ കാമ്പസില്‍ തന്നെ പഠിക്കാമെന്നതാണ്. തുടര്‍ന്ന് മൂന്നാം വര്‍ഷം മാത്രം യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി കാമ്പസുകളില്‍ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിലൂടെ ഫീസിനത്തില്‍ 60% ലാഭിക്കാനാകുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക് വിസ വഴി അവിടെ തുടരാമെന്നിരിക്കെ അവിടുത്തെ കമ്പനികളില്‍ ജോലി നേടാനും അതിലൂടെ പിആര്‍ കരസ്ഥമാക്കാനും സാധിക്കുമെന്ന് ഐഎസ് ഡിസി എക്സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്സ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐഎസ് ഡിസിയുടെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സക്സ്സസ് പോയിന്റ് കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഫിനാസ് അഹമ്മദ് പറഞ്ഞു.