യുക്രെയ്ന്‍ ; ആശങ്ക അറിയിച്ച് ഇന്ത്യ ; യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

യുക്രെയ്‌നില്‍ സംഘര്‍ഷം വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും സാധാരണക്കാര്‍ക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘര്‍ഷം ചര്‍ച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തി. യുക്രെയ്‌നനിലേക്കും യുക്രെയ്‌ന് അകത്തുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. യുക്രെയ്ന്‍ സര്‍ക്കാരിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കുറച്ചു നാളത്തെ മൗനത്തിനു ശേഷം യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് മുന്നറിയപ്പുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്റ് അറിയിച്ചു.