അഞ്ഞൂറോളം മോഷണങ്ങള്‍ നടത്തിയ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയില്‍
കുപ്രസിദ്ധ കള്ളന്‍ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയില്‍. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു ആണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പല കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ബിജുവിന്റെ രീതി.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റുകള്‍ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് വില്‍പന നടത്തിയത്. നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിപ്പൊളിച്ചതിന് പിന്നിലും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിലെ നിരന്തരമായി മോഷണങ്ങള്‍ കാരണം ബഹുജന പ്രക്ഷോഭം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു.
പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാള്‍ പ്രതിയാണ്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാല്‍ പൊലീസുമായി സഹകരിക്കാതിരിക്കുകയുമാണ് പതിവ്. പൊലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിടുന്നതാണ് ഇയാളുടെ രീതി. അതുകൊണ്ടുതന്നെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്‌കരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭയമായതിനാല്‍ നാട്ടില്‍ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ തയ്യാറല്ലായിരുന്നു. ആരെങ്കിലും ഇയാള്‍ക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താല്‍ അവരെ അയാളും വീട്ടുകാരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍, വിവിധ കോടതികളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.