കാശ് കൊടുത്താല്‍ ആര്‍ക്കും കിട്ടും ; അവസാനം ട്വിറ്ററില്‍ യേശു ക്രിസ്തുവിനും കിട്ടി ബ്ലൂ ടിക്

കാശ് കൊടുത്താല്‍ ആര്‍ക്കും ബ്ലൂ ടിക്ക് കിട്ടും എന്ന അവസ്ഥ വന്നതോടെ ഇപ്പോളിതാ ട്വിറ്ററില്‍ യേശു ക്രിസ്തുവിനും കിട്ടി ബ്ലൂ ടിക്. ട്വിറ്റര്‍ അക്കൗണ്ട് പെയിഡ് വെരിഫിക്കേഷന്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് യേശുവിനു വരെ ബ്ലൂ ടിക്ക് കിട്ടിയത്. പണം കൊടുത്ത് ബ്ലൂ ടിക് വാങ്ങി വെരിഫൈഡ് അക്കൗണ്ട് ആക്കുന്നവരില്‍ വ്യാജന്മാരാണ് ഇപ്പോള്‍ മുന്‍പില്‍. നേരത്തെ അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ച് മാത്രമാണ് ട്വിറ്റര്‍ ബ്ലൂടിക് നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ പണം കൊടുക്കുന്ന ആര്‍ക്കും ബ്ലൂടിക് ലഭിക്കുമെന്നായി. ട്വിറ്റര്‍, വ്യാജ അക്കൗണ്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നായിരുന്നു ഇലോണ്‍ മസ്‌ക് മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ പറഞ്ഞത്.

എന്നാലിപ്പോള്‍ സെലിബ്രിറ്റികളും ബ്രാന്‍ഡുകളുമടക്കം, ദൈവം പോലും പണം കൊടുത്ത് അക്കൗണ്ട് വേരിഫൈ ചെയ്തിരിക്കുകയാണ്. യേശുക്രിസ്തുവിന്റെ പേര് നല്‍കി വേരിഫൈ ചെയ്ത അക്കൗണ്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജീസസ് ക്രൈസ്ററ് എന്നാണ് അക്കൗണ്ടിന്റെ പേര്.2006 ഒക്ടോബറില്‍ ജോയിന്‍ ചെയ്തെന്നും കാണിക്കുന്നു. മസ്‌കിന്റെ പുതിയ തന്ത്രം വ്യാജന്മാരെ കൂട്ടിയെന്നും ആര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കി തട്ടിപ്പും ആള്‍മാറാട്ടവും നടത്താമെന്നും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടും സമാനരീതിയില്‍ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഉപയോഗിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വേരിഫിക്കേഷന്‍ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കള്‍ക്ക് ട്വിറ്ററില്‍ താരതമ്യേന കൂടുതല്‍ റീച്ചും ലഭിക്കും. ഇലോണ്‍ മസ്‌ക് തലപ്പത്ത് വന്നതില്‍ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റര്‍ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയില്‍ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തില്‍ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.മറ്റ് രാജ്യങ്ങളില്‍ എട്ട് ഡോളറിന് (645.68 രൂപ) വേരിഫിക്കേഷന്‍ ലഭ്യമാക്കുമ്പോള്‍ ഇന്ത്യയില്‍ തുക അല്‍പം കൂടും. ഇന്ത്യയില്‍ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നല്‍കേണ്ടത്.