ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്ന് ബഹിഷ്‌കരിക്കുമെന്നു സര്‍ക്കാരും പ്രതിപക്ഷവും. ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. പ്രതിപക്ഷനേതാവ് നാളെ വൈകിട്ട് ഡല്‍ഹിക്ക് പോകുന്നതിനാല്‍ വിരുന്നിന് എത്തില്ല. ബുധനാഴ്ചയാണ് രാജ്ഭവനില്‍ ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്. സംസ്ഥാന സര്‍ക്കാരുമായുള്ള ശീതയുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഗവര്‍ണര്‍ ക്ഷണിച്ചത്.കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷം. എന്നാല്‍, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നിന്നയച്ച ക്ഷണക്കത്തില്‍ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകും. മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടല്‍ തുടരുമ്പോഴുള്ള ഗവര്‍ണറുടെ ക്ഷണം, ഓണാഘോഷത്തിന് സര്‍ക്കാര്‍ പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരണെന്നും വിലയിരുത്തുന്നവരുമുണ്ട്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനില്‍ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്വഴക്കം. അതേസമയം, സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂര്‍ത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.