രോഗാവസ്ഥയിലും ചെരുപ്പിടാതെ പഴനിയിലെ 600 പടികള്‍ ചവിട്ടിക്കയറി നടി സാമന്ത
സൗത്ത് ഇന്ത്യയിലെ താരറാണി സമാന്ത റൂത്ത് പ്രഭുവാണ് മയോസിറ്റിസ് രോഗാവസ്ഥയെ നേരിടുന്ന അവസരത്തിലും പഴനിമല ദര്‍ശനം നടത്തിയത്. അടുത്ത ചിത്രമായ ‘ശാകുന്തളം’ റിലീസ് അടുക്കുന്ന വേളയിലാണ് ദര്‍ശനം. സല്‍വാര്‍ കമീസ് ആണ് സമാന്തയുടെ വേഷം. ജാനു സംവിധായകന്‍ സി. പ്രേം കുമാര്‍ കൂടെയുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനവേളയില്‍ സമാന്ത മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു.600 പടികള്‍ ചെരുപ്പിടാതെ ചവിട്ടിക്കയറിയി ഓരോ പടിയിലും കര്‍പ്പൂരം കത്തിച്ചു വച്ചാണ് അവര്‍ സഞ്ചരിച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി രോഗവുമായിട്ടുള്ള പോരാട്ടത്തിലാണ് നടി. 2022ല്‍ സമാന്ത തന്നെയാണ് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും ഇന്‍ട്രാവെനസ് ഇമ്യൂണോഗ്ലോബുലിന്‍ തെറാപ്പി (ഐവിഐജി) സെഷനുകള്‍ എടുക്കേണ്ടതുണ്ടെന്ന് അവര്‍ അടുത്തിടെ പറഞ്ഞിരുന്നു. രണ്ടുതവണ റിലീസ് മാറ്റിവച്ച തെലുങ്ക് പുരാണ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിനായി സമാന്ത കാത്തിരിക്കുകയാണ്. ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന ചിത്രം ഇപ്പോള്‍ ഏപ്രില്‍ 14 ലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രത്തില്‍ ദേവ് മോഹന്‍, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു.