ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടന്‍ മിഥുന്‍ രമേശ്

തനിക്ക് ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ മിഥുന്‍ രമേശ്. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ”വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.

ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്”- മിഥുന്‍ പറയുന്നു. മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ക്ക് പെട്ടെന്ന് തളര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. മിക്ക കേസുകളിലും ഈ ബലഹീനത താത്കാലികമാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ ഗണ്യമായി മെച്ചപ്പെടുന്നു. ബലഹീനത കാരണം മുഖത്തിന്റെ പകുതിയും തൂങ്ങിക്കിടക്കുന്നതായി തോന്നുന്നു. ചിരിക്കുന്നത് ഒരു വശം മാത്രമായിരിക്കും. പ്രശ്‌നമുണ്ടായ ഭാഗത്തെ കണ്ണ് അടയുന്നത് ബുദ്ധിമുട്ടായിരിക്കും.കോവിഡ് മുക്തി നേടിയവരില്‍ ഇപ്പോള്‍ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജിനും മുന്‍പ് ഈ അസുഖം ബാധിച്ചിരുന്നു.