നിയമ വിദ്യാര്‍ഥിനിയുടെ വധം: അസം ജയിലിലേക്ക് മാറ്റണമെന്ന അമീറുളിന്റെ ഹര്‍ജി തള്ളണമെന്ന് കേരളം

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളണമെന്ന് കേരളം. 2014-ലെ ജയില്‍ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂല് ഫയല്‍ ചെയ്തു.

ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഹൈക്കോടതിയോ, സെഷന്‍സ് കോടതിയോ നിര്‍ദേശിച്ചാല്‍ മാത്രമാണ് ഇവരെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പോലും കഴിയുകയുള്ളൂ എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നിലനില്‍ക്കുമ്പോഴും ജയില്‍ മാറ്റം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടാന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ ചട്ടം ഭരണഘടന വിരുദ്ധമോ, മനുഷ്യാവകാശ വിരുദ്ധമോ അല്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ജയില്‍ ചട്ടങ്ങള്‍ ഉണ്ട്. അമീറുള്‍ ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം കേരളത്തിലെ ജയില്‍ ചട്ടങ്ങളാണ് ബാധകം, സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് കേരളത്തിന്റെ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്.