റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമതാവിന്റെ ജനന തിരുനാള്‍ ആഘോഷം
ജെജി മാന്നാര്‍
റോം: സിറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമതാവിന്റെ ജനന തിരുനാള്‍ രണ്ടു ദിവസങ്ങളിലായി ആഘോഷിക്കും. സെപ്റ്റംബര്‍ 9ന് (ശനി) വൈകിട്ട് 5 മണിയ്ക്ക് വി. കുര്‍ബാനയ്ക്ക് ശേഷം കൊടിയേറ്റത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും
സെപ്റ്റംബര്‍ 10ന് (ഞായര്‍) രാവിലെ 10 മണിയ്ക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. ബിഷപ്പുമാരായ മാര്‍ അലക്‌സ് താരാമംഗലം, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോണ്‍ പനന്തോട്ടം എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇരുന്നോറളം പേര്‍ പ്രസുദേന്തിമാരായി പങ്കെടുക്കും. ഭക്തിനിര്‍ഭരമായ നഗരപ്രദക്ഷണം, തിരുസ്വരൂപത്തിന്റെ വണക്കത്തോടൊപ്പം തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.
തുടര്‍ന്ന് റോമിലുള്ളവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി 101 അമ്മമാര്‍ ഒരുക്കുന്ന മരിയന്‍ സ്തുതികീര്‍ത്തനത്തിന്റെ ദൃശ്യാവിഴ്കാരം അരങ്ങേറും. ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കരുതുന്ന തിരുനാളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചട്ടുണ്ട്.
തിരുനാളില്‍ പങ്കെടുക്കാനും അനുഗ്രഹീതരായി തീരാനും ഇടവക കമ്മിറ്റിഭാരവാഹികളും, വികാരി ഫാ. ബാബു പാണാട്ടുപറമ്പില്‍, സഹവികാരിമാരായ ഫാ. ഷെറിന്‍ മൂലയില്‍, ഫാ. ജിന്റോ പടയാട്ടില്‍ എന്നിവര്‍ ഏവരേയും ക്ഷണിച്ചു. കൈക്കാരന്മാരുടെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.