മൊറോക്കോ ഭൂകമ്പത്തില്‍ മരണം 2100 കടന്നു; 1400 പേര്‍ക്ക് ഗുരുതര പരുക്ക്
ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരണസംഖ്യ 2100 കടന്നു. 1400 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമന്‍ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറന്‍ പൗരാണിക നഗരമായ മാരിക്കേഷില്‍നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് പര്‍വതമേഖലയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പര്‍വത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അല്‍ ഹൗസ്, ഔറസാസത്, അസിലാല്‍, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളില്‍ ആളുകള്‍ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിന്റെ തെക്കന്‍ മേഖല വരെ എത്തി.
മൊറോക്കോയിലെ നിരവധി പൗരാണിക സ്മാരകങ്ങളും ഭൂകമ്പത്തില്‍ നിലംപൊത്തി. മൊറോക്കോയിലെ അഗാദിറില്‍ 1960 ലുണ്ടായ ഭൂകമ്പത്തില്‍ 12,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുര്‍ക്കിയില്‍ 50,000 പേര്‍ ഭൂകമ്പത്തില്‍ മരിച്ചു. തുടര്‍ ചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്താണ് കഴിയുന്നത്.