സ്വിറ്റ്‌സര്‍ലെന്‍ഡില്‍ റിസോര്‍ട്ടില്‍ സ്ഫോടനം; 40 മരണം സ്ഥിരീകരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്
ക്രാന്‍സ്-മോണ്ടാന: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ ക്രാന്‍സ്-മോണ്ടാന സ്‌കീ റിസോര്‍ട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പുതുവത്സരാഘോഷങ്ങള്‍ക്കിടെ പ്രാദേശിക സമയം പുലര്‍ച്ചെ 1:30-ഓടെയാണ് അപകടമുണ്ടായത്. ക്രാന്‍സ്-മോണ്ടാനയിലെ ‘ലെ കോണ്‍സ്റ്റലേഷന്‍’ എന്ന് ബാര്‍ റിസോര്‍ട്ടിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ ഇതുവരെ 40 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടാവാം തീപിടുത്തത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമമായ ‘ബ്ലിക്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അട്ടിമറി സാധ്യതയോ ഭീകരാക്രമണമോ അധികൃതര്‍ തള്ളിക്കളഞ്ഞു.
10 ഹെലികോപ്റ്ററുകളും 40 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. പരിക്കേറ്റവരെക്കൊണ്ട് മേഖലയിലെ ആശുപത്രികള്‍ നിറഞ്ഞതായും തീവ്രപരിചരണ വിഭാഗങ്ങള്‍നിറഞ്ഞതിനാല്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് ക്രാന്‍സ്-മോണ്ടാന മേഖലയില്‍ നോ-ഫ്ളൈ സോണ്‍ പ്രഖ്യാപിക്കുകയും പ്രദേശം പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. അപകടസമയത്ത് നൂറിലധികം പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം. പൊള്ളലേറ്റവരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരിച്ചവരെ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുന്നുണ്ട്.
സംഭവത്തില്‍ കൗണ്‍സില്‍ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറല്‍ അലൈന്‍ ബെര്‍സെറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ മാസം അവസാനം ഫിസ് വേള്‍ഡ് കപ്പ് സ്‌കീയിംഗ് മത്സരങ്ങള്‍ക്ക് വേദിയാകാനിരുന്ന റിസോര്‍ട്ടിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
ബാധിതരായവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി പോലീസ് ഹെല്‍പ്പ് ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ഇരകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂവെന്നും പോലീസ് അറിയിച്ചു.



