വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പുതിയ ദിശാബോധവുമായി പിന്റോ കണ്ണമ്പള്ളി

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്റെ പ്രസിഡന്റായി പിന്റോ കണ്ണമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രൊവിന്‍സുകളിലെ പ്രതിനിധികളും അംഗങ്ങളും നല്‍കിയ ഏകകണ്ഠ പിന്തുണയോടെയാണ് പുതിയ നേതൃത്വം രൂപം കൊണ്ടത്.

പുതുപുത്തന്‍ ആശയങ്ങളും നൂതന പദ്ധതികളും അവതരിപ്പിച്ച്, വ്യത്യസ്ത പരിപാടികള്‍ വഴി അമേരിക്കയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ പോകുകയാണെന്ന് പുതുതായി ചുമതലയേറ്റ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്‍ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികളെ ഭാഷ, സംസ്‌കാരം, പാരമ്പര്യം, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരുമിപ്പിക്കുന്ന അന്തര്‍ദേശീയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍, വിവിധ രാജ്യങ്ങളിലായി സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സജീവ സാന്നിധ്യമാണ്.

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച പിന്റോ കണ്ണമ്പള്ളി, സംഘടനയിലെ നേതാക്കളോടും പ്രവര്‍ത്തകരോടും അംഗങ്ങളോടും നന്ദി രേഖപ്പെടുത്തി. അമേരിക്ക റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഐക്യം, സുതാര്യത, കാര്യക്ഷമത എന്നിവ നല്‍കുന്ന നേതൃത്വമായിരിക്കും ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് വര്‍ഷം പ്രൊവിന്‍സുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും അംഗങ്ങളുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ നേതൃത്വ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലും കേരളത്തിലും കൂടുതല്‍ സാമൂഹ്യസേവന-ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വബോധവും സുതാര്യതയും ഉറപ്പാക്കുന്നതിനും പുതിയ നേതൃത്വം മുന്‍ഗണന നല്‍കും. മലയാള ഭാഷയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പദ്ധതികളും നടപ്പിലാക്കും.

സംഘടനയുടെ ബൈലോ പ്രകാരം രണ്ട് ടേം വരെ തുടരാനുള്ള അവസരം ഉണ്ടായിരുന്നാലും, സാമൂഹിക-സാംസ്‌കാരിക സംഘടനകളില്‍ പുതിയ ആളുകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന നിലപാടും പിന്റോ കണ്ണമ്പള്ളി പങ്കുവച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വളര്‍ച്ചയില്‍ പ്രൊവിന്‍സ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും നിസ്വാര്‍ത്ഥ സേവനമാണ് പ്രധാന ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരവും പിന്തുണയും ഉറപ്പാക്കുന്ന സമീപനമായിരിക്കും പുതിയ നേതൃത്വത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സംഘടനയുടെ ശക്തി ഒരാള്‍ക്കല്ല, മറിച്ച് വിവിധ വ്യക്തികളുടെ കഴിവുകളും അനുഭവങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ വളര്‍ച്ച സാധ്യമാകുന്നത്. പുതിയ തലമുറക്കും പുതിയ നേതൃത്വത്തിനും വഴിയൊരുക്കുമ്പോഴാണ് സമൂഹത്തിന് കൂടുതല്‍ ഗുണം ലഭിക്കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നേതൃത്വ ദര്‍ശനത്തിലെ പ്രധാന മുന്‍ഗണനകള്‍ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:

• എല്ലാ പ്രവിശ്യകളിലും കൂടുതല്‍ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക
• യുവജനങ്ങള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ നേതൃത്വ അവസരങ്ങള്‍ സൃഷ്ടിക്കുക
• സംഘടനയില്‍ സുതാര്യതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കുക
• സാമൂഹ്യ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലും വ്യാപിപ്പിക്കുക
• മലയാള ഭാഷയും സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുക
• ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക
• സംഘടനയുടെ നെടുംതൂണായ പ്രവര്‍ത്തകരെയും വോളണ്ടിയര്‍മാരെയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
”നേതൃത്വം ഒരു പദവി അല്ല; അത് സമൂഹത്തിനുള്ള സേവനമാണ്. എല്ലാവരെയും കേള്‍ക്കുകയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി,” അദ്ദേഹം പറഞ്ഞു.

ഐക്യം, ഉള്‍ക്കൊള്ളല്‍, സേവന മനോഭാവം, യുവശക്തിയുടെ പങ്കാളിത്തം എന്നിവ മുന്‍നിര്‍ത്തി അമേരിക്ക റീജിയനെ കൂടുതല്‍ ശക്തവും സജീവവും മാതൃകാപരവുമായ ഘടകമാക്കി ഉയര്‍ത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

അമേരിക്കന്‍ റീജിയന്റെ പുതിയ ഭാരവാഹികള്‍:

• ചെയര്‍മാന്‍ – ജോണി കുന്നംപുറം (ഡാളസ്)
• പ്രസിഡന്റ് – പിന്റോ കണ്ണമ്പള്ളി (സൗത്ത് ജേഴ്സി)
• ജനറല്‍ സെക്രട്ടറി – അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി)
• ട്രഷറര്‍ – നിവിന്‍ വില്‍ഫ്രഡ് (ഒന്റാറിയോ, കാനഡ)
• വൈസ് പ്രസിഡന്റ് (അഡ്മിന്‍) – ജേക്കബ് എഫ്രേം (കാലിഫോര്‍ണിയ)
• വൈസ് പ്രസിഡന്റ് – ജോസ് ആറ്റുപുറം (ഫിലാഡല്‍ഫിയ)
• വൈസ് ചെയര്‍പേഴ്‌സണ്‍ – മിനി നായര്‍ (സതേണ്‍ ആല്‍ബര്‍ട്ട)
• വൈസ് ചെയര്‍മാന്‍ – ജെയിംസ് പീറ്റര്‍ (ഫിലാഡല്‍ഫിയ)
• ജോയിന്റ് സെക്രട്ടറി – സ്മിതാമോള്‍ ജി. തോമസ് (ഫ്‌ലോറിഡ)
• വിമന്‍സ് ഫോറം പ്രസിഡന്റ് – ഡോ. സൂസന്‍ ചാണ്ടി (സതേണ്‍ ആല്‍ബര്‍ട്ട)
• വിമന്‍സ് ഫോറം സെക്രട്ടറി – ആലീസ് മാഞ്ചേരി (ഫ്‌ലോറിഡ)
• യൂത്ത് ഫോറം പ്രസിഡന്റ് – ബിബി മോഹന്‍ (സതേണ്‍ ആല്‍ബര്‍ട്ട)