രവിശാസ്ത്രിക്ക് ഏഴുകോടി പ്രതിഫലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് ബി.സി.സി.ഐ. പ്രതിവര്‍ഷം ഏഴു കോടി രൂപ പ്രതിഫലമായി നല്‍കും. ബി.സി.സി.ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

പരിശീലകന്റെ വാര്‍ഷിക പ്രതിഫലം ഏഴര കോടിയായി ഉയര്‍ത്തണമെന്ന് മുന്‍ പരിശീലകന്‍ കുംബ്ലെ നേരത്തേ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുംബ്ലെയുടെ ആവശ്യം ബി.സി.സി.ഐ. നിരാകരിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയുടെ പിന്‍ഗാമിയായി വരുന്ന രവിശാസ്ത്രിക്ക് ഏഴു കോടി രൂപ പ്രതിഫലം നല്‍കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

പരിശീലകന്റെ സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നതിന് നാലംഗ കമ്മറ്റിയെയാണ് മേല്‍നോട്ട സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, സി.ഇ.ഒ. രാഹുല്‍ ജോഹ്‌റി,ബി.സി.സി.ഐ. ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.