ഇര്‍മ കൊടുങ്കാറ്റില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി ഫോമയും മലയാളി എഫ് എം റേഡിയോയും

ഫ്‌ലോറിഡ: വിര്‍ജിന്‍ ഐലന്‍ഡില്‍ വളരെയധികം നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റു ഫ്‌ലോറിഡാ തീരത്തോടടുക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഫ്‌ലോറിഡയില്‍ നിന്ന് സമീപ സംസ്ഥാനങ്ങളായ ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. എന്നാല്‍ മലയാളി കുടുംബങ്ങളിലെ കൂടുതല്‍ സ്ത്രീകളും ആതുര സേവന മേഖലയില്‍ ജോലിചെയ്യുന്നതിനാല്‍ ഫ്‌ലോറിഡ വിട്ടുപോകുവാന്‍ അനുവാദമില്ല. നിര്‍ബന്ധിത ജോലിക്ക് പോകേണ്ടതുണ്ട്. എങ്കില്‍ പോലും നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ അന്യ സംസ്ഥാനത്തേക്ക് പോയവരില്‍ ഉള്‍പ്പെടും. നാലും അഞ്ചും ഇരട്ടി സമയമാണ് ഇപ്പോള്‍ ഗതാഗതത്തിനായി എടുക്കുന്നത്, അത്രക്കും തിരക്കാണ് റോഡുകളില്‍. അന്യ സംസ്ഥാനത്തുള്ള ഹോട്ടലുകളില്‍ ഒരിടത്തും റൂമുകള്‍ കിട്ടാനില്ല, ഒപ്പം ഇന്ധന ക്ഷാമവും.

ഈ സാഹചര്യത്തിലാണ് മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ ഫോമയും മലയാളി എഫ്. എം. റേഡിയോയും കൈകോര്‍ത്ത് ‘ഇര്‍മാ ഡിസാസ്റ്റര്‍ പ്രോഗ്രാം’ നിര്‍വ്വഹിക്കുന്നത്. സമീപ സംസ്ഥാനങ്ങളില്‍ എത്തുന്ന മലയാളികള്‍ക്ക് മലയാളി ഭവങ്ങളില്‍ താമസവും അടിയന്തിര സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിലൂടെ. ഇതിനായി മറ്റു സന്നദ്ധ സംഘടനകളുടെ സഹായവും ക്രൈസ്തവ ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും ഷെല്‍ട്ടറുകളും ഉപയോഗിക്കുന്നുണ്ട്. സ്വന്തം ഭവനം ഇങ്ങനെ കഷ്ടപ്പെടുന്ന ആവശ്യക്കാര്‍ക്ക് തുറന്നു കൊടുക്കുവാന്‍ സന്മനസുള്ളവര്‍ വോയിസ് മെസ്സേജ് അയക്കേണ്ട നമ്പര്‍ 214.672.3682(മലയാളി എഫ്. എം. ഡിസാസ്റ്റര്‍ ടീം). ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, മലയാളി എഫ്. എം. ഡയറക്ടര്‍ ടോം തരകന്‍, അസ്സോസിയേറ്റ് പ്രോഗ്രാം ഡയറക്ടര്‍ മാത്യൂസ് ‘ലിജ്’ അത്യാല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.

അടിയന്തിര സഹായവും ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:
സാജന്‍ കുര്യന്‍ (ഫോമാ ഇര്‍മ ഡിസാസ്റ്റര്‍ കണ്ട്രോള്‍ കോ-ഓര്‍ഡിനേറ്റര്‍ 214.672.3682
ബിനു മാമ്പിള്ളി (ഫോമാ സണ്‍ ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്) 941.580.2205
റെജി ചെറിയാന്‍ (ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ്) 404.425.4350