വിശ്രമമില്ലാതെ കളിക്കുമ്പോള്‍ ഈ തുക മതിയാകില്ല; താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി വിരാട് കൊഹ്ലി

ബി.സി.സി ഐക്കെതിരെ ഇന്ത്യന്‍ നായകന്‍ കോഹ്ലി വീണ്ടും രംഗത്ത്.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് വിരാട് കൊഹ്ലി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തുടര്‍ച്ചയായ മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി കൊഹ്ലി രംഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗത്തില്‍ കൊഹ്ലി ഇക്കാര്യം ആവശ്യപ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ടെലിവിഷന്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ഭീമമായ തുകക്ക് കരാറായിരുന്നു. 250 കോടി ഡോളറാണ് ഇതുവഴി ബോര്‍ഡിനു ലഭിക്കുക. ക്രിക്കറ്റ് വിറ്റ് ബി.സി.സി.ഐ സാമ്പത്തീക നേട്ടം കൊയ്യുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ് കൊഹ്ലിയുടെ ആവശ്യം. ബി.സി.സി.ഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു.

ഈ വര്‍ഷം ആദ്യമാണ് കളിക്കാരുടെ പ്രതിഫലത്തുക സംബന്ധിച്ചുള്ള കരാര്‍ ബിസിസിഐ പുതുക്കിയത്.നിലവില്‍ ‘എ’ ഗ്രേഡില്‍പ്പെട്ട കളിക്കാരന് വര്‍ഷം രണ്ട് കോടി രൂപയും ‘ബി’ ഗ്രേഡിലുള്ള കളിക്കാരന് ഒരു കോടി രൂപയും ‘സി’ ഗ്രേഡ് കളിക്കാരന് 50 ലക്ഷം രൂപയുമാണ് പ്രതിഫലം.നേരത്തെ തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ കാരണം താരങ്ങള്‍ ക്ഷീണിതരാണെന്നും, തങ്ങള്‍ക്ക് വിശ്രമം വേണമെന്ന ആവശ്യവുമായി കോഹ്ലി ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയിരുന്നു.