സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ ; ഭീതിയുടെ നിഴലില്‍ കേരളം ; അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു

ബ്ലാക്ക് മാന്‍ എന്ന സംഭവത്തിനു ശേഷം സംസ്ഥാനത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി കുട്ടികളെ കാണാതാകുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങള്‍. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള സോഷ്യല്‍ മീഡിയ പ്രചാരങ്ങള്‍ വ്യാപകമാകുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നെന്ന അവസ്ഥ ഇല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷവും സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ ദിവസം നടന്നെന്ന രീതിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ മാന്യമായി പണിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നാടെങ്ങും കറുത്ത സ്റ്റിക്കറുകള്‍ വീടിന്‍റെ ഭിത്തികളിലും ജനലുകളില്‍ പതിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായതോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ തുടങ്ങിയത്.

സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന പേരില്‍ വ്യാപകമായി പ്രചാരണം തുടങ്ങുകയായിരുന്നു. സംഭവങ്ങള്‍ തുടര്‍കഥയായപ്പോള്‍ വിശദീകരണവുമായി മുഖ്യമന്ത്രിക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കഴിഞ്ഞ വര്‍ഷം വടക്കന്‍ മലബാറിലും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ അത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും പറയുന്നു. എന്നിട്ടും പ്രചരണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. പല ഇടങ്ങളിലും കുട്ടികളെ പിടിക്കാന്‍ വന്നവരെ കണ്ടു എന്ന പേരില്‍ പോലീസിന് സ്ഥിരമായി വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അതുപോലെ വീടുകളുടെ ജനലുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞില്ലെന്ന് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ബലം കൂട്ടുന്നു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന പേരില്‍ കേരളത്തില്‍ ഒരിടത്തും ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചതായി വിവരമില്ല. പ്രചാരണങ്ങള്‍ വ്യാപകമായതോടെ ആള്‍ക്കൂട്ടങ്ങള്‍ പോലീസിന് നേരെ തിരിയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുകയാണ്.

അതുപോലെ പുറമേ നിന്നുള്ള തൊഴിലാളികളാണ് പ്രചാരണം മൂലം ഭീതിയിലായിരിക്കുന്നത്. മാന്യമായി പണയെടുത്ത് ജീവിക്കുന്ന ഇത്തരക്കാരെ ജനം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പേടി മൂലം സ്വൈര്യമായി ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. യാചകരേയും മുഷിഞ്ഞ വസ്ത്രധാരികളായ ആളുകളേയും ജനങ്ങള്‍ ആക്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാചകരെ നിരോധിക്കണം എന്ന പേരില്‍ പല ഇടങ്ങളിലും പോസ്റ്ററുകള്‍ വരെ വന്നുകഴിഞ്ഞു. യാചകരുടെ കൂടെയുള്ള കുട്ടികളെ ജനം പിടിച്ചു വാങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട് ഇപ്പോള്‍. വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ മുന്‍പ് മറ്റെവിടെയെങ്കിലും നടന്ന സംഭവങ്ങള്‍ വിദഗ്ദമായി ഉപയോഗിച്ച് കേരളത്തില്‍ നടന്നതെന്ന രീതിയില്‍ വ്യാപിപ്പിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ വിത്തും വേരും അറിയാതെ പ്രചരിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് മുന്നിലുള്ളതെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.