സ്വിസ് മലയാളികളുടെ ഇടപെടല്‍: സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രികരിച്ച് നടത്താന്‍ നിശ്ചയിച്ച വന്‍ നേഴ്‌സിംഗ് തട്ടിപ്പ് പൊളിഞ്ഞു

വിദേശ ജോലി സ്വപ്നം കാണുന്ന നഴ്‌സുമാരെ കഴുകന്മാര്‍ നിങ്ങളുടെ പിറകെയുണ്ട്!

സൂറിച്ച്: നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമേ, യുറോപ്പ് കേന്ദ്രികരിച്ച് നേഴ്‌സിംഗ് തട്ടിപ്പിന് കളമൊരുക്കുന്ന വിവരം മലയാളി വിഷന്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതില്‍ പ്രമൂഖ സ്ഥാനത്ത് ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു ഡെന്മാര്‍ര്‍ക്കും, യുകെയും, ഇറ്റലിയും, ജര്‍മനിയും, ഓസ്ട്രിയയും. ഇതാ വീണ്ടും നേഴ്‌സുമാര്‍ക്ക് പുതിയ കാനാന്‍ ദേശം വാഗ്ദാനം ചെയ്തു ഇന്ത്യയില്‍ നിന്നും വിസ തട്ടിപ്പിന് കളമൊരുങ്ങുന്നു. പുതിയ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്. ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്ത ഒരു പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചുവടെ:

സ്വിറ്റ്‌സര്‍ലന്‍ണ്ടില്‍ നിന്നും ജോര്‍ജ് നടുവതേട്ട് എന്ന സുഹൃത്ത് നല്കിയ വിവരം അനുസരിച്ച് നാട്ടില്‍ അവധിയിലുള്ള സ്വിസ് മലയാളി ടോമി തൊണ്ടാംകുഴിയാണ് വിഷയത്തില്‍ തുടരന്വേഷണം നടത്തിയതും സംഭവം മാധ്യമ ശ്രദ്ധയില്‍പ്പെടുത്തിയതും. നല്കിയിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ പരസ്യം വന്‍ തട്ടിപ്പാണെന്ന് കണ്ടെത്തി. ഇതിനിടയില്‍ അദ്ദേഹം പോലീസിനെയും, സൈബര്‍ സെല്ലിലും വിവരം ധരിപ്പിരുന്നു. പരസ്യം നല്കിയ കമ്പനി ബെഗ്ലുരുവില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും മലയാളികളാണ് പരസ്യത്തിനു പിന്നിലെന്നും അറിയാന്‍ കഴിഞ്ഞു. (പരസ്യത്തില്‍ നേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക).

www.nursesjobvacancy.com എന്ന സൈറ്റിലാണ് പരസ്യം നല്കിയിരുന്നത്. ഈ വെബ്‌സൈറ്റ് ഡൊമൈന്‍ അബുദാവിയില്‍ നിന്നുള്ള ജോബിന്‍ എന്നയാളുടെ പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഫോണ്‍ കാള്‍ ചെന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പേര് നീക്കം ചെയ്തു. പരസ്യത്തില്‍ പറഞ്ഞിരുന്ന നമ്പറിലും അത് നല്കാന്‍ ഉപയോഗിച്ച ബ്ലോഗുകളുടെയും, വെബ്‌സൈറ്റുകളുടെയും വിവരം തിരക്കിയപ്പോള്‍ അതും വ്യാജമാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. പരസ്യത്തില്‍ നല്കിയ നമ്പറില്‍ വിളിച്ചപ്പോള്‍ കൃത്യതയില്ലാത്ത വിവരമാണ് ടോമിയ്ക്ക് നല്കിയത്. തുടര്‍ന്ന് പരസ്യം സ്വിസിലെയും ഇന്ത്യയിലെയും പോലിസിന്റെ ശ്രദ്ധയിപ്പെടുത്തുമെന്ന് അറിയിച്ചപ്പോള്‍ ഫോണ്‍ ഡിസ്‌കണക്റ്റ് റിക്രൂട്ടര്‍ പരക്കം പായുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഏതാനും നിമിഷങ്ങക്കുള്ളില്‍ വിവിധ ഓണ്‍ലൈനില്‍ നല്കിയ പരസ്യവും നീക്കം ചെയ്തു.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം കാര്യമായി നിലച്ചതോടെ വിസ തട്ടിപ്പുക്കാര്‍ യുറോപ്പിനെ ലക്ഷ്യം വയ്ക്കുകയാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ദിനപത്രങ്ങളില്‍ വരെ നല്കി വിപുലമായ രീതിയിലാണ് വ്യാജ എജന്‍സികള്‍ പണം കൊയ്യുന്നത്. കൂടുതലും മലയാളികളെ ലക്ഷ്യമാക്കിയാണ് വ്യാജന്മാര്‍ വല വിരിക്കുന്നത്. നിരവധി മലയാളികള്‍ ഇത്തരത്തില്‍ ഇതിനോടകം വഞ്ചിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും വിദേശ സ്വപ്നം ഇന്നും മനസില്‍ സൂക്ഷിക്കുന്ന മലയാളി വീണ്ടും വീണ്ടും ഇത്തരം ചതി കുഴിയില്‍പ്പെടുന്നത് വേദനാജനകമാണ്.

യുറോപ്പില്‍ ജോലി ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അനുവാദം ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം രാജ്യങ്ങളും അത് യൂറോപിയന്‍ യുണിയന്റെ കീഴിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് മനസിലാക്കാനോ, യുറോപ്പിലെ വിസാനിയമങ്ങള്‍ അറിയാന്‍ശ്രമിക്കുകയോ ചെയ്യാതെയാണ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പില്‍ അകപ്പെടുന്നത്.

ഏതെങ്കിലും തരത്തിലുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു ഉത്തരവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മലയാളി വിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മറ്റൊരു അര്‍ത്ഥത്തില്‍ യുറോപ്പിയന്‍ രാജ്യങ്ങള്‍ പൊതുജനത്തിന് വിവരങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമാകത്തക്ക രീതിയില്‍ മാത്രമാണ് കുടിയേറ്റ നിയമ പരിഷകാരങ്ങള്‍ നടപ്പിലാക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സ്വിസ് കുടിയേറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ രാജ്യം കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇതൊന്നും അറിയാതെയാണ് നേഴ്‌സുമാര്‍ കെണിയില്‍പ്പെടുന്നത്. ഇനിയും യുറോപ്പ് ലക്ഷ്യമാക്കി ഇത്തരം തട്ടിപ്പുകള്‍ പ്രചരിച്ചേക്കാം. വിദേശവാസം സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.