വിദേശികള്‍ക്ക് ഇറ്റലിയില്‍ പുതിയ ഇലക്ട്രാണിക് റസിഡെന്‍സ് പെര്‍മിറ്റ്

ജെജി മാന്നാര്‍

റോം: ഇറ്റലിയില്‍ നിവസിക്കുന്ന എല്ലാ വിദേശികള്‍ക്കും പുതിയ ഇലക്ട്രാണിക് റസിഡെന്‍സ് പെര്‍മിറ്റ് കാര്‍ഡ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ കാര്‍ഡ് ആധുനികവും, ഇലക്ട്രാണിക്കും അതേസമയം കൂടുതല്‍ സുരക്ഷിതവും ആയിരിക്കും. പുറത്ത് ദൃശ്യമല്ലാത്ത ഒരു മൈക്രോ പ്രൊസെസാര്‍ ചിപ്പ് ഘടിപ്പിച്ചാണ് പുതിയ കാര്‍ഡ് വരുന്നത്. കാര്‍ഡ് ലഭിക്കുന്ന വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലിസ് കമ്പ്യൂട്ടറിന് നല്കാന്‍ പറ്റുന്ന ടാറ്റ ബെയിസ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും പുതിയ കാര്‍ഡിന് സ്വന്തം.

മിലാന്‍, റോം തുടങ്ങിയ നഗരങ്ങളിലും മറ്റും ട്രയല്‍ എന്ന നിലയില്‍ 2013 അവസാനം മുതല്‍ ഈ സിസ്റ്റം പരീക്ഷിച്ചു വന്നിരുന്നു. ഇത് ഫലപ്രദമാന്നെന്നു കണ്ടെത്തിയ ആഭ്യന്തര മന്ത്രാലയം രാജ്യത്ത് എല്ലായിടത്തും ഇത് നിലവില്‍ വരുത്താന്‍ ഇറ്റാലിയന്‍ പോലീസ് ആസ്ഥാനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ നിര്‍ദേശം നല്‍കി. അതേസമയം ഈ മാതൃകയില്‍ മുമ്പ് ഇഷ്യൂ ചെയ്തിരിക്കുന്ന എല്ലാ കാര്‍ഡുകളും കാലക്രമേണ മാറ്റി പുതിയ കാര്‍ഡുകള്‍ നല്‍കും. നവംബര്‍ 10 മുതല്‍ അപേക്ഷിക്കുന്നവര്‍ക്കും പുതിയ കാര്‍ഡുകളാണ് ലഭിക്കുന്നത്. എന്നാല്‍ നവംബര്‍ 10ന് മുമ്പുള്ള അപേക്ഷകളില്‍ ഈ കാര്‍ഡ് പ്രാബല്യത്തില്‍ ആക്കുമോ എന്ന് തീരുമാനമായിട്ടില്ല.

മൈക്രോ പ്രൊസെസാര്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡില്‍ ആ വ്യക്തിയെ സംബന്ധിക്കുന്ന സുപ്രധാനമായ എല്ലാ ഡാറ്റയും സംഭരിച്ചിരിക്കും. ഫോട്ടോ, ഡിജിറ്റല്‍ വിരലടയാളം തുടങ്ങിയ സവിശേഷതകല്‍ക്കൊപ്പം ആന്റികൌണ്ടര്‍ഫീറ്റിംഗ് വിദ്യകള്‍ ഉപയോഗിച്ച് അച്ചടിച്ച വിവരങ്ങളും ഉണ്ടാകും. യുറോപ്പിലെ മറ്റു സ്ഥലങ്ങളിലും വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോ പ്രൊസെസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നവംബര്‍ 10 മുതല്‍ അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ കാര്‍ഡ് ലഭിക്കുന്നത്. പഴയ കാര്‍ഡ് ഉള്ളവര്‍ അതുമായി മന്ത്രാലയത്തിന്റെ ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ലഭിച്ചിരിക്കുന്ന കാര്‍ഡിന്റെ കാലാവതി തീര്‍ന്നാല്‍ പുതിയ കാര്‍ഡ് ഈ സംവിധാനത്തില്‍ ഉള്ളത് ആയിരിക്കുമെന്ന് മാത്രം. അതേസമയം ഇറ്റലിയില്‍ താമസിക്കാന്‍ കൃത്യമായ പേപ്പര്‍ ഇല്ലാത്തവര്‍ക്ക്, ചിലപ്പോള്‍ നല്‍കി വരുന്ന റസിഡെന്‍സ് പെര്‍മിറ്റ് മോഡല്‍ അല്ല പുതിയ കാര്‍ഡ് സംവിധാനം.