പ്രാവാസി മലയാളി ഫെഡറേഷന്റെ ഇറ്റലിയിലെ ഉല്‍ഘാടനസമ്മേളനം അലംകോലമായി; കയ്യാങ്കളിയില്‍ എത്തിയ യോഗം പോലീസ് എത്തി അവസാനിപ്പിച്ചു


റോം/പാത്തി: അടുത്തകാലത്തായി രൂപം കൊണ്ട പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) എന്ന സംഘടനയുടെ ഉത്ഘാടന സമ്മേളനവും, ആലോചനയോഗവും അലങ്കോലപ്പെട്ടു. ഇറ്റലിയിലെ പാത്തി എന്ന സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍. സംഘടന നടത്തിയ അബദ്ധ പ്രചാരണങ്ങളെ ചിലര്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. സമ്മേളനം സംഘടിപ്പിച്ചവര്‍ പ്രചരിപ്പിച്ച തട്ടിപ്പ് വാഗ്ദാനങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം ആള്‍ക്കാര്‍ വേദിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഒടുവില്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

അതേസമയം ഞായറാഴ്ച (25.09.2016) നടന്ന മെമ്പര്‍ഷിപ് വിതരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി ഉയരിന്നിരുന്നു. 15 യൂറോ (ഏകദേശം 1100 രൂപ) വാങ്ങിയാണ് മെമ്പര്‍ഷിപ് വിതരണം ചെയ്തു തുടങ്ങിയത്. പാത്തിയിലെ മലയാളികളെ നിര്‍ബന്ധിച്ചും, സമ്മര്‍ദ്ദം ചെലുത്തിയുമാണ് സംഘടന പിരിവു നടത്തിയത്.

പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന ഈ സംഘടന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആണെന്നും, ഇറ്റലി മലയാളികള്‍ക്ക് ചികിത്സ സഹായം നല്‍കുമെന്നും, നാട്ടില്‍ ലോണ്‍ അനുവദിക്കുമെന്നുമൊക്കെയാണ് സംഘാടകര്‍ പ്രചാരണം നടത്തിയത്. സംഘടനയില്‍ ചേരാത്തവര്‍ക്ക് ഇറ്റലിയില്‍ നിന്നും സഹായം ലഭിക്കില്ലെന്നും, കൃത്യമായ രേഖകള്‍ ഇല്ലാതെ ഇറ്റലിയില്‍ താമസിക്കുന്നവര്‍ക്ക്, വിസ പേപ്പര്‍ ശരിയാക്കി നല്‍കാന്‍ സഹായിക്കുമെന്നൊക്കെയാണ് സമ്മേളനം ഒരുക്കിയ വിരുതന്മാര്‍ വാഗ്ദാനങ്ങളുടെ കൂടെ തട്ടി വിട്ടത്.

സ്ഥലത്തെത്തിയ ഇറ്റാലിയന്‍ പോലീസ് സമ്മേളനത്തിന്റെ നടത്തിപ്പുകാരെ ചോദ്യം ചെയ്തു. കൃത്യമായ രജിസ്‌ട്രേഷനോ, മറ്റു അനുവാദങ്ങളോ വാങ്ങിയാണോ സംഘടന സമ്മേളനം സംഘടിപ്പിച്ചെന്ന് പോലീസ് അന്വേക്ഷിക്കുന്നുണ്ട്. അതേസമയം സംഘടന തങ്ങള്‍ക്ക് വരുത്തിവച്ച മാനക്കേടില്‍ മനം നൊന്താണ് മലയാളികള്‍ വേദി വിട്ടത്. വിവിധ സാഹചര്യത്തില്‍ ശാന്തരായി ജീവിക്കുന്ന മലയാളികളെ പോലീസ് എത്തി ചോദ്യം ചെയ്തത് ഇതിനോടകം തന്നെ ഇറ്റലിയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

പാത്തിയില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ താമസിക്കുന്ന മലയാളികളെ ഈ സംഭവത്തിന്റെ പേരില്‍ കണ്ടെത്തി നപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചതായി സമ്മേളനത്തിനെത്തിയ മലയാളികള്‍ പറഞ്ഞു. ഇത്തരം സംഘടനകളും സംഭവങ്ങളും സമാധാനത്തോടെ ജീവിക്കുന്ന പ്രവാസികളുടെ സൈ്വര്യം നഷ്ടപ്പെടുത്തുകയാണ് എന്നാണു സ്ഥലത്തെ മലയാളികള്‍ അഭിപ്രായപ്പെട്ടത്. ഇതേ സംഘടന മദ്ധ്യയൂറോപ്പിലെ മറ്റൊരു രാജ്യത്ത് ഈ മാസം ആദ്യം നടത്താനിരുന്ന ‘ആഗോള സമ്മേളനം’ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇറ്റലിയിലും ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.