കണ്ണൂരിനെക്കുറിച്ചു വേദനയോടെ സലിം കുമാര്‍; ഇന്നറുത്താല്‍ നാളെ ഹര്‍ത്താല്‍

salim-kumar
അക്രമരാഷ്ട്രീയത്തില്‍ മനം നൊന്ത് സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പഠനകാലത്ത് കണ്ണൂരില്‍ ജോലി ചെയ്യേണ്ടി വന്ന സലിം കുമാറിന് കണ്ണൂരിനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളു. എന്നാല്‍ എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും, എന്തിനാ ചത്തതെന്ന് ചാവുന്നവനും അറിയാത്ത നാടായി കണ്ണൂര്‍ മാറുന്നതായി സലിം കുമാര്‍ വേദനിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം

’93കളില്‍ എറണാകുളം മഹാരാജാസിലെ എന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചിലവിലേക്കായി സ്റ്റീല്‍ അലമാരകള്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ REP ആയി ഒരു വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, അലമാരകളുടെ ഓര്‍ഡര്‍ ശേഖരിക്കാനായി കണ്ണൂരിലായിരുന്നു എന്നെ നിയമിച്ചത്. രാവിലെ മുതല്‍ ഓര്‍ഡര്‍ ഫോമും, കാറ്റ്‌ലോഗുമായി കണ്ണൂരിലെ ഓരോ ഗ്രാമത്തിലേയും വീടുകളില്‍ (കോളേജ് അവധിയുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍) ഞാന്‍ കയറി ഇറങ്ങുമായിരുന്നു.
ഉച്ച സമയങ്ങളില്‍ ഓര്‍ഡര്‍ എടുക്കാന്‍ ചെന്ന അപരിചിതനായ എന്നോട് ‘ചോറ് ബെയ്ക്കട്ടെ’
(ചോറെടുക്കട്ടെ) എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരായ കണ്ണൂര്‍കാരെപോലെ വേറെ ഒരു മനുഷ്യരെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.
വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
ഞാന്‍ എന്റെ സ്വന്തം നാടിനേക്കാള്‍ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവര്‍, സ്‌നേഹസമ്പന്നരാണവര്‍, നിഷ്‌കളങ്കരാണവര്‍.
പക്ഷേ താന്‍ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി, അന്യനെ കൊലകത്തിക്കിരയാക്കാന്‍ മടിയില്ലാത്തവരായി മാറുമ്പോള്‍ മുകളില്‍ പറഞ്ഞ ഇവരുടെ എല്ലാ നന്മകളും തകര്‍ന്നടിയുന്നു.
എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും
എന്തിനാ ചത്തതെന്ന് ചാവുന്നവനും
അറിയാത്ത നാടായി കണ്ണൂര്‍ മാറുന്നു.
ചാകുന്നവനും കൊല്ലുന്നവനും അഷ്ടിക്കുവകയില്ലാത്തവരാണെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യം.
ചത്തവരോ ചത്തു.
കൊന്നവനോ കൊന്നു.
ഇനിയും ചാകാനും കൊല്ലാനും നടക്കുന്ന എന്റെ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു.
നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്. അവര്‍ക്ക് നിങ്ങള്‍ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കു വേണ്ടിയുള്ള ബലിമൃഗങ്ങള്‍ മാത്രമാണെന്നറിയുക.
ഇന്നറുത്താല്‍
നാളെ ഹര്‍ത്താല്‍.
ഇതാണല്ലോ കേരളത്തിന്റെ പുതിയ മുദ്രാവാക്യം.
നിങ്ങള്‍ പുതിയ ബോംബുകള്‍ കൊണ്ട് കണ്ണൂരിലെ ഗ്രാമങ്ങള്‍ നിറയ്ക്കുക.
പഴയ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുക്ക.
കാരണം കണ്ണൂരില്‍ കൊല്ലാനും ചാകാനും അഷ്ടിക്കുവകയില്ലാത്ത ഒരുപാട് ചെറുപ്പക്കാര്‍ ഇനിയും ബാക്കിയുണ്ട്, ദയവു ചെയ്തു ശനി, ഞായര്‍ ദിവസങ്ങളില്‍ ആരെയും കൊല്ലരുത്. അത് ഞങ്ങള്‍ക്കാഘോഷിക്കാന്‍ സര്‍ക്കാര്‍ ഒഴിവു തന്നിട്ടുണ്ട്. അതുകൊണ്ട് ‘WORKING DAYS’ല്‍ കൊലപാതകങ്ങള്‍ നടത്താന്‍ ശ്രമിക്കണം. അടുത്ത അറുക്കലിനു ശേഷമുള്ള ഹര്‍ത്താലിനായി ഞങ്ങള്‍ കേരളജനത കാത്തിരിക്കുകയാണ്.
ഭര്‍ത്താക്കന്മാരും, പുത്രന്മാരും സഹോദരന്മാരും നഷ്ട്ടപ്പെട്ട് കണ്ണീരും കൈയുമായി കഴിയുന്ന കണ്ണൂരിലെ എന്റെ അമ്മമാരെ, സഹോദരിമാരെ
എന്നോട് മാപ്പാക്കണം, ഗതികേട് കൊണ്ട് എഴുതിപ്പോയതാണ്.
സ്‌നേഹത്തോടെ
സലിംകുമാര്‍’