പള്‍സര്‍ സുനിയുടെ അറസ്റ്റ്; പോലീസിന്‍റെ നടപടിയില്‍ പുതിയ വിവാദം ; ഒത്തുകളി എന്ന് ആരോപണം


കൊച്ചി: കീഴടങ്ങുവാന്‍ കോടതിയില്‍ എത്തിയ പള്‍സര്‍  സുനിയെ പോലീസ് കോടതിയുടെ ഉള്ളില്‍ വെച്ച് അറസ്റ്റ് ചെയ്തു കൊണ്ട് പോയ സംഭവത്തില്‍ പുതിയ വിവാദം. കോടതി മുറിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റുചെയ്തത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. ഉച്ചയ്ക്ക് 1.10ഓടെയാണ് പള്‍സര്‍ സുനിയും വിജീഷും എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയത്. അഭിഭാഷകര്‍ക്കൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും  വിജീഷും പ്രതികള്‍ക്കുള്ള കൂട്ടില്‍ നില്‍ക്കവെയാണ് പോലീസ് ഇവരെ ബലമായി അറസ്റ്റുചെയ്തതെന്ന് അഭിഭാഷകര്‍ പറയുന്നു. തങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് തങ്ങളുടെ വാദം ചെവിക്കൊണ്ടില്ല എന്നും. അഭിഭാഷകര്‍ അടച്ച വാതിലുകള്‍ പോലീസ് ബലമായി തള്ളി തുറന്ന് പ്രതികളെ കൊണ്ടുപോവുകയുമായിരുന്നു. ജഡ്ജി ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പ്രതികളും അഭിഭാഷകരും കോടതിയില്‍ എത്തിയത്. ഇതാണ് പോലീസിന് പ്രതികളെ അറസ്റ്റു ചെയ്യാന്‍ അവസരമൊരുക്കിയത്. കോടതിയില്‍ കീഴടങ്ങിയാല്‍ പ്രതിക്ക് നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അഭിഭാഷകന്റെ സഹായത്തോടെ പോലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കാനും  നല്‍കാനും പ്രതികള്‍ക്കാവുമായിരുന്നു. ഇതുതടയാന്‍ അറസ്റ്റിലൂടെ പോലീസിനായി. അതേസമയം ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ഉച്ചഭക്ഷണ സമയം തന്നെ കീഴടങ്ങുവാന്‍ വേണ്ടി തിരഞ്ഞെടുത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. ജഡ്ജി ഭക്ഷണം കഴിക്കാന്‍ പോയ സമയം തന്നെ പ്രതികള്‍ കോടതിയില്‍ എത്തിയതും. പോലീസിന്റെ അറസ്റ്റും എല്ലാം ചില ഒത്തുകളികളുടെ ഭാഗമാണ് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കോയമ്പത്തൂരിലാണ് എന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന ശേഷം പോലീസ് ആസ്ഥാനത്തിനു അടുത്തുള്ള കോടതി തന്നെ കീഴടങ്ങുവാന്‍ ഇവര്‍ തിരഞ്ഞെടുത്തതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. സുനി  പിടിയിലായതോടെ പോലീസിന്‍റെ ചീത്തപ്പേര് കുറഞ്ഞു എന്ന കാര്യം സത്യമാണ് എന്നാല്‍ വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടി പുതിയ വിവാദങ്ങള്‍ക്ക് വഴിയാകും എന്ന് ഉറപ്പ്.