ജെഫ്‌നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍
കണക്റ്റിക്കറ്റ്: 2016 ഒക്ടോബര്‍ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാര്‍ഥിനിയും മലയാളിയുമായ ജെഫ്നി പള്ളി (19) അഗ്നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാര്‍ഥികള്‍ക്ക് റോക് വില്ലില്‍ സുപ്പിരീയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ. ടെയ് ലര്‍ രണ്ടു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ പിരീഡില്‍ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ റിക്കാര്‍ഡുകളില്‍ നിന്നു ക്രിമിനല്‍ ഹിസ്റ്ററി മുഴുവന്‍ നീക്കം ചെയ്യണമെന്നും കോടതി വിധിച്ചു. ജൂണ്‍ മൂന്നാംവാരമാണ് വിധി ഉണ്ടായത്.
കപ്പ സിഗ്മ ഫ്രറ്റേണിറ്റി മെമ്പറന്മാരായ പാട്രിക് (21), മാത്യു(21), ഡെയ് ലന്‍(22), ഓസ്റ്റിന്‍ (21), ഡൊമിനിക്(21), ജോനാഥാന്‍ (22) എന്നീ ആറു പേര്‍ക്കാണ് മൈനര്‍ക്ക് മദ്യം വിളമ്പുക, മദ്യം വില്ക്കുവാന്‍ ഗൂഡാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 15 ന് രാത്രി നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ ജെഫ്നി തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനു മുമ്പില്‍ ഇരുന്ന് ഉറങ്ങി പോയതാണ് സംഭവത്തിന്റെ തുടക്കം. പ്രതികളിലാരോ ഫയര്‍ സ്റ്റേഷനില്‍ വിളിച്ചു സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അഗ്നിശമനാ വാഹനം പുറത്തു കാത്തുന്നതിനിടയില്‍ ഷട്ടറില്‍ ചാരിയിരിക്കുകയായിരുന്ന ജഫ്നി മറിഞ്ഞു വീഴുകയും വാഹനം കയറി മരണം സംഭവിക്കുകയുമായിരുന്നു.
ജൂണ്‍ 23 ന് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിനാവശ്യമായ തുക കോടതിയില്‍ കെട്ടിവയ്ക്കുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.