രാജി വേണ്ട; എം വിന്‍സെന്റിനെ തത്കാലം പാര്‍ട്ടി സ്ഥാനമാനങ്ങളില്‍ നിന്ന് മാറ്റി, ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റെന്ന് എംഎം ഹസ്സന്‍

വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എ. വിന്‍സെന്റിനെ കെ.പി.സി.സി. സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലത്തേക്ക് നീക്കിയതായി കെ.പി.സി.സി. അധ്യക്ഷന്‍ എം.എം ഹസന്‍. കുറ്റവിമുക്തനാകും വരെയാണ് മാറ്റിനിര്‍ത്തല്‍. വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന്‍ പറഞ്ഞു. എം.എല്‍.എ. സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.

രാജിവെയ്‌ക്കേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി തീരുമാനം. സ്ത്രീയുടെ മൊഴി സ്വാധീനത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നാണ് സംശയം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്.

കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ രാജിയെക്കുറിച്ച് ആലോചിക്കാം. ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നും നെയ്യാറ്റിന്‍കര എം.എല്‍.എയ്ക്കും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുളളതായും ഹസന്‍ പറഞ്ഞു.