നിലപാടുകളില്‍ മലക്കം മറിഞ്ഞ് കണ്ണന്താനം; എന്തു കഴിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം

ബീഫ് വിഷയത്തില്‍ വീണ്ടും നിലപാടുമാറ്റവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാം. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്.

ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബി.ജെ.പിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഓരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. താന്‍ ബീഫ് കഴിക്കാറില്ല. ഭുവനേശ്വറില്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണു താന്‍ പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ബീഫ് വിഷയത്തിൽ മന്ത്രി നിലപാടു വ്യക്തമാക്കുന്നത്. വിദേശി വിനോദസഞ്ചാരികൾക്കു ബീഫ് കഴിക്കണമെങ്കിൽ സ്വന്തം നാട്ടിൽനിന്നാകാമെന്നു കണ്ണന്താനം വെള്ളിയാഴ്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാരുടെ 33ാമത് കൺവെൻഷൻ ഒഡീഷയിലെ ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.