സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് രജനീകാന്ത്

സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയം കൈവരിക്കാനാകില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടന്‍ കമല്‍ഹാസന്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നടനില്‍നിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. സത്യമായും എനിക്ക് അതിനുള്ള രഹസ്യങ്ങള്‍ അറിയില്ല. എന്നാല്‍ കമല്‍ഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുന്‍പായിരുന്നെങ്കില്‍ അദ്ദേഹം അത് എന്നോടു പറഞ്ഞേനെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒപ്പം കൈപിടിക്കാനാണു പറയുന്നത് രജനീകാന്ത് തമാശരൂപേണ പറഞ്ഞു.

ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ എ.ഡി.എം.കെ. സര്‍ക്കാരിനെ തന്റെ പ്രസംഗത്തില്‍ കമല്‍ഹാസന്‍ വിമര്‍ശിച്ചു. രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇത്.