മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഇറക്കിയ പോലീസ് കലണ്ടറില്‍ മഹാത്മാഗാന്ധിക്ക് പകരം അമിത് ഷായും മോഹൻ ഭഗവതും

മധ്യപ്രദേശില്‍ പോലീസുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇറക്കിയ കലണ്ടറില്‍ രാഷ്ട്രപിതാവിന് പകരം ബി ജെ പി ആര്‍ എസ് എസ് നേതാക്കള്‍ അമിത് ഷായും മോഹൻ ഭഗവതും. മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ലഹരിയ്‌ക്കെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഈ കലണ്ടര്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

പോലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ കപൂര്‍ ആണ് കലണ്ടര്‍ രൂപകല്‍പന ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു. എന്നാല്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്നും ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ബിജെപി നല്‍കുന്ന വിശദീകരണം.