മറ്റു ജാതിയിലുള്ളവര്‍ ഇവിടെ വന്നു തഴച്ചുവളരാന്‍ കാരണം ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍
ഗുരുവായൂര്‍ : ഇന്ത്യയില്‍ മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളരുവാന്‍ കാരണം രാജ്യത്തെ ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് എന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. എന്നാല്‍ നമ്മുടെ ക്ഷമയും കാരുണ്യവും മര്യാദയും ഭീരുത്വമാണെന്നാണ് പലരും കരുത്തുന്നത് അങ്ങനെ കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പ്രിയദര്‍ശന്‍. സേവാസംഗമം ആര്‍.എസ്.എസ്. സര്‍കാര്യ വാഹക് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ. വി. നാരായണന്‍ തുടങ്ങിവരെ ചടങ്ങില്‍ ആദരിച്ചു. ഗുരുവായൂരില്‍ ആറ് വേദികളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.









