പത്മാവത് വിവാദം ; കൊച്ചു കുഞ്ഞുങ്ങള്‍ യാത്ര ചെയ്ത സ്കൂള്‍ ബസ് അടിച്ചു തകര്‍ത്തു കര്‍ണ്ണിസേന

പത്മാവത് സിനിമയുടെ പേരില്‍ പരക്കെ ആക്രമണം അഴിച്ചുവിട്ട് കര്‍ണ്ണിസേനാ പ്രവര്‍ത്തകര്‍. കൊച്ചു കുഞ്ഞുങ്ങള്‍ യാത്രചെയ്ത സ്കൂള്‍ ബസിനെ പോലും അവര്‍ വെറുതെ വിട്ടില്ല. ഡല്‍ഹി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. കുട്ടികള്‍ ബസിനുള്ളില്‍ ഇരുന്നിരുന്ന സമയമാണ് പ്രവര്‍ത്തകര്‍ ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തത്. സീറ്റുകള്‍ക്കിടയില്‍ താഴ്ന്നിരുന്നാണ് കുട്ടികള്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെട്ടത്.

അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഇതേ അക്രമികള്‍ തീയിട്ട സര്‍ക്കാര്‍ ബസ്സിനു തൊട്ടു പിറകെയായിരുന്നു സ്‌കൂള്‍ ബസ്സുണ്ടായിരുന്നത്. അതിനാല്‍ തന്നെ കുട്ടികളെല്ലാം ഭയവിഹ്വലായിരുന്നു. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു എങ്കിലും വെറും കാഴ്ചക്കാര്‍ ആയി നില്‍ക്കുകയായിരുന്നു. അതേസമയം തങ്ങള്‍ അക്രമികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അനുസരിച്ചില്ല എന്നാണു പോലീസ് നിരത്തുന്ന മുടന്തന്‍ ന്യായം. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.