ഷുഹൈബിന്റെ ജീവനെടുക്കാന്‍ മാത്രമായി നിര്‍മിച്ച പല്‍ച്ചക്രം ചേര്‍ത്ത പുതിയ മാരകായുധം; വെട്ടേറ്റാല്‍ തുന്നിക്കെട്ടാന്‍ പോലുമാകില്ല

ഇരിട്ടി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന പ്രതികളുടെ വെളിപ്പെടുത്തലിനു പിന്നാലെ രാഷ്ട്രീയ കേരളത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കുമെന്നും കണക്ക് കൂട്ടലുകളുണ്ട്. ഇതിനിടെ തില്ലങ്കേരി മാമ്പറത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ അഞ്ചുദിവസം മുന്‍പു ബോംബിനൊപ്പം കണ്ടെത്തിയ പ്രത്യേകതരം ആയുധം പോലീസിനെപോലും ഞെട്ടിച്ചിട്ടിരിക്കുകയാണ്. ബൈക്കിന്റെ ചെയിന്‍ സോക്കറ്റിന്റെ ഭാഗമായുള്ള പല്‍ചക്രം പകുതി മുറിച്ചു സ്റ്റീല്‍ പൈപ്പില്‍ വിളക്കി പിടിപ്പിച്ച നിലയിലുള്ള മൂന്ന് ആയുധങ്ങളാണു സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം മുഴക്കുന്ന് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്.

മഴുവിന്റെ ആകൃതിയിലുള്ള ഇത്തരം ആയുധം കണ്ടെത്തുന്നതു ജില്ലയില്‍ ആദ്യമായാണ്. വെട്ടിയാല്‍ ഗുരുതരമായി മുറിവേല്‍ക്കുകയും അസ്ഥികള്‍ തകരുകയും ചെയ്യും. തുന്നിക്കെട്ടാന്‍ പോലും സാധ്യമാകാത്ത വിധത്തിലായിരിക്കും പരുക്കുകളെന്നും പൊലീസ് പറയുന്നു. ജനവാസം കുറവുള്ളതും പാറക്കൂട്ടങ്ങളും മറ്റും നിറഞ്ഞതുമായ മാമ്പറത്തു വ്യാപകമായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരവും പൊലീസിനുണ്ട്. ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡാണു മറ്റൊരു പുതിയ ആയുധം. വെട്ടിയശേഷം മുറിവില്‍ മണ്ണു വാരിയിടുന്ന രീതി നേരത്തേ തലശ്ശേരി ഭാഗത്തുണ്ടായിരുന്നു.