ഹാരിസണ്‍ കേസ് ; സര്‍ക്കാരിന് തിരിച്ചടി ; ഹര്‍ജി കോടതി തള്ളി

ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ വന്‍തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവക്കാന്‍ കോടതി ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. ഹാരിസണ്‍ പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനത്തോടെയാണ് ഹൈക്കോടതി വിധി. സര്‍ക്കാര്‍ റോബിന്‍ഹുഡ് ആകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊതുജനാഭിപ്രായം മാനിച്ചാവരുത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും വന്‍കിട കമ്പനികളുടെ നിലനില്‍പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ 38,000 ഏക്കറോളം വരുന്ന ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ഹാരിസണ്‍ മലയാളം അടക്കമുള്ള കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണം എന്ന രാജമാണിക്യം അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലിനെ കുറിച്ച് പഠിക്കാന്‍ എംജി രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. രാജമാണിക്യം റിപ്പോര്‍ട്ടില്‍ ഹാരിസണ്‍ അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും ഇത് തിരിച്ച് പിടിക്കണമെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 30,000 ഏക്കര്‍ തിരിച്ച് പിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് കോടതി ഉത്തരവോടെ നിഷ്ഫലമായിരിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂമി സ്വാതന്ത്ര്യലബ്ദിക്ക് ശേഷം സ്വാഭാവികമായും സര്‍ക്കാരിലേക്ക് വന്ന് ചേരും എന്നതിനാല്‍ പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം എന്നായിരുന്നു രാജമാണിക്യം ഐഎഎസ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് നിയമസെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ വിവരം നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന് വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും എന്നാണ് സൂചന.