ചര്‍ച്ച പരാജയം ; നഴ്സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിന്

ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് 24 മുതൽ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിന്. ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉണ്ടാക്കിയ കമ്മറ്റി പ്രകാരമാണ് അലവന്‍സടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ചതനുസരിച്ചുള്ള വിജ്ഞാപനം തന്നെ ഇറങ്ങണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

24 മുതല്‍ ആശുപത്രികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ലേബര്‍ കമ്മീഷണര്‍ രംഗത്തെത്തിയത്. എന്നാല്‍ ശമ്പളപരിഷ്കരണത്തെ കുറിച്ചുള്ള അന്തിമവിജ്ഞാപനം സംബന്ധിച്ച് വ്യക്തമായ ഉറപ്പുകള്‍ നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു. മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു. സമരം മാറ്റിവെച്ച് ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. വിജ്ഞാപനം ഇറങ്ങാതെ ഇനി ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നഴ്‌സുമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.