പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു ; നികുതി കുറയ്ക്കില്ല എന്ന് കേരളം

കൊച്ചി : പെട്രോള്‍ ഡീസല്‍ വില റോക്കറ്റ് പോലെ കുതിയ്ക്കുന്ന സ്ഥിതിയാണ് നിലവില്‍ എങ്കിലും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തയ്യാറല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ബി.ജെ.പി. സര്‍ക്കാര്‍ അടിക്കടി വിലകൂട്ടിയപ്പോഴെല്ലാം ഇതേ നിലപാടാണ് കേരളം സ്വീകരിച്ചത്. എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറല്ലെന്നും സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നികുതി കുറയ്ക്കട്ടേയെന്നുമാണ് കേന്ദ്രനിലപാട്. എന്നാല്‍, വിലവര്‍ധനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന് വഴങ്ങേണ്ടതില്ലെന്ന് കേരളം ആവര്‍ത്തിക്കുന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ കേരളത്തിലെ നികുതിയും കുറയും. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവ കൂട്ടിയതുമാത്രമാണ് വിലകൂടാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല എന്നുമാണ് ധനമന്ത്രി തോമസ്‌ ഐസക് നല്‍കുന്ന വിശദീകരണം.

പെട്രോളിനും ഡീസലിനും ഇപ്പോള്‍ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. തിങ്കളാഴ്ച കേരളത്തില്‍ പെട്രോളിന്റെ ശരാശരി വില 78.38 രൂപയാണ്. ഡീസലിന്റേത് 71.38 രൂപയും. പെട്രോളിന് നികുതിയിനത്തില്‍ 17.59 രൂപ സംസ്ഥാനത്തിനും എക്‌സൈസ് തീരുവയായി കേന്ദ്രത്തിന് 19.48 രൂപയും കിട്ടുന്നു. ഡീസലിന് കേന്ദ്ര തീരുവ 15.33 രൂപയും സംസ്ഥാനനികുതി 13.20 രൂപയുമാണ്. ഇതിനുപുറമേ കേരളത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പനനികുതിയും ചുമത്തുന്നുണ്ട്. ഇന്ധനവില കുതിച്ചുകയറിയതോടെ കേരളത്തിന്റെ നികുതിവരുമാനവും കൂടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം പെട്രോളില്‍നിന്ന് മുന്‍ വര്‍ഷത്തെക്കാള്‍ 354 കോടി രൂപയും ഡീസലില്‍ നിന്ന് 292.88 കോടി രൂപയും അധികം കിട്ടി. എന്നാല്‍, വില അടിക്കടി വര്‍ധിച്ചതോടെ ഉപഭോഗം കാര്യമായി കൂടിയിട്ടില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. വിലവര്‍ധനയുടെ ബാധ്യത സംസ്ഥാനങ്ങളുടെ തലയില്‍ക്കെട്ടിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കവും അതിന് വഴങ്ങാത്ത സംസ്ഥാനത്തിന്റെ നിലപാടും കാരണം ഇന്ധനവില വര്‍ധനയില്‍നിന്ന് സാധാരണക്കാര്‍ക്ക് ഉടനെയൊന്നും രക്ഷ കിട്ടില്ല.