സ്കോളര്‍ഷിപ്പിന്റെ പേരില്‍ വീണ്ടും വാട്സ് ആപ്പ് വ്യാജപ്രചരണം

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങള്‍ ശക്തമാകുന്നു. ഇല്ലാത്ത ഹര്‍ത്താലിന്റെ പേരില്‍ കേരളം കലാപഭൂമി ആയതിനു പിന്നാലെ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പ്രചാരണം വ്യാപകമായതോടെ മുന്‍സിപ്പാലിറ്റികളില്‍ അപേക്ഷ ഫോറം ചോദിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് പ്രചാരണം. 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് സന്ദേശത്തിലുള്ളത്. സ്‌കോളര്‍ഷിപ്പിനുള്ള അ്പേക്ഷാ ഫോറം അതത് മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

സന്ദേശം കണ്ടവര്‍ മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ അന്വേഷിച്ചുവന്നതോടെയാണ് ഉദ്യോഗസ്ഥര്‍ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് അറിയുന്നത്. എവിടെ നിന്നാണ് ഈ വിവരം കിട്ടയതെന്ന് ഉദ്യോഗസ്ഥര്‍ അപേക്ഷാ ഫോറം വാങ്ങാനെത്തിയവരോട് ചോദിച്ചു. അപ്പോഴാണ് വാട്സ് ആപ്പ് സന്ദേശം കാണിച്ചുകൊടുക്കുന്നത്. എന്നാല്‍ ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും അപേക്ഷാ ഫോറം വാങ്ങാനൈത്തിയവര്‍ വിശ്വസിക്കുന്നില്ല എന്നാണു ഉദ്യോഗസ്ഥര്‍ പറയുന്നത്. പത്താം ക്ലാസിലുള്ളവര്‍ക്ക് മാത്രമല്ല, പ്ലസ്ടു പാസായവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പ്ലസ്ടുവിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയാണത്രെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതുസംബന്ധിച്ചും മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാര്‍ക്ക് അറിയില്ല. സ്‌കോളര്‍ഷിപ്പ് ഇല്ല എന്ന് പറഞ്ഞു മടുത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സത്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷവും സമാനമായ പ്ര്ചാരണം നടന്നിരുന്നു.