സുനില്‍ മുഹമ്മദിന്റെ മിന്നുന്ന വിജയം മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെ ഫലം: നവയുഗം

ദമ്മാം: ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഏക മലയാളി സ്ഥാനാര്‍ഥിയായ സുനില്‍ മുഹമ്മദ് ഏറ്റവും അധികം വോട്ട് നേടി ഒന്നാം സ്ഥാനത്തായി വിജയിച്ചതില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു. സുനില്‍ മുഹമ്മദ് നേടിയ മിന്നുന്ന വിജയം മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിജയമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

ജാതി,മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാ മലയാളി പ്രവാസി സംഘടനകളും, കൂട്ടായ്മകളും, നേതാക്കളും, വ്യക്തികളും, ഒറ്റമനസ്സോടെ കഴിഞ്ഞ ഒരു മാസമായി നടത്തിയ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഈ വിജയം.

പതിനാറായിരത്തോളം വിദ്യാര്‍ഥികള്‍ പഠിയ്ക്കുന്ന, ഇന്ത്യന്‍ എംബസ്സിയുടെ രക്ഷാകതൃത്വത്തിലുള്ള ഈ സ്‌ക്കൂളിലെ അറുപതു ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മലയാളികള്‍ ആണ്. എന്നാല്‍ അതിനു തുല്യമായ പ്രാതിനിധ്യം മലയാളസമൂഹത്തിന് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ കിട്ടിയിരുന്നില്ല. പലപ്പോഴും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തഴഞ്ഞ്, സ്വന്തം നയങ്ങള്‍ നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ ലോബികളും ചില കോക്കസുകളും നടത്തുന്ന ശ്രമങ്ങള്‍ക്ക് മുന്നില്‍ മലയാളി സമൂഹം നിസ്സഹായരായി പോയിട്ടുണ്ട്.

ഇത്തവണ അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തെരെഞ്ഞെടുപ്പ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതും, തെരെഞ്ഞെടുക്കപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഏഴില്‍ നിന്നും അഞ്ചായി കുറച്ചതും, ഒരു സംസ്ഥാനത്തില്‍ നിന്നും ഒരാള്‍ മാത്രമേ തെരെഞ്ഞെടുക്കപ്പെടൂ എന്ന നിയമം കൊണ്ടുവന്നതും.

ഈ വെല്ലുവിളിയെ ഏറ്റെടുത്തു കൊണ്ടാണ് മലയാളി പ്രവാസി സംഘടനകളൊക്കെ, ഒരു മാസം മുന്‍പ് ഒന്നിച്ചു ചേര്‍ന്ന്, ഈ നിയമങ്ങള്‍ക്കെതിരെ പോരാടാനും, ഇലക്ഷനില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും, ഏറ്റവും കൂടുതല്‍ വോട്ടു നേടി വിജയിപ്പിയ്ക്കാനും തീരുമാനിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാരാ സംഘടനകളായ നവോദയ, ഓ.ഐ.സി.സി, നവയുഗം, കെ.എം.സി.സി എന്നിവയും, മറ്റു വിവിധ പ്രാദേശിക സംഘടനകളും, കൂട്ടായ്മകളും എല്ലാം ഒരുമിച്ചു നിന്നാണ് സുനില്‍ മുഹമ്മദിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ആ കൂട്ടായ്മയുടെ വിജയമാണ് തെരെഞ്ഞെടുപ്പില്‍ കണ്ടത്.

താമസിയ്ക്കാതെ സുനില്‍ മുഹമ്മദ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെടും എന്ന് നവയുഗം പ്രതീക്ഷിയ്ക്കുന്നു. ഏറെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍, മലയാളി സംഘടന കൂട്ടായ്മകളുടെ സഹകരണം ഇനിയും ഉണ്ടാകും. തന്നില്‍ സമൂഹം അര്‍പ്പിച്ച വിശ്വാസം മികച്ച രീതിയില്‍ നിര്‍വ്വഹിയ്ക്കാന്‍ സുനില്‍ മുഹമ്മദിന് കഴിയട്ടെ എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആശംസിച്ചു.