ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്‌സിക്ക് 90.24 വുമാണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കുമാണ്. സംസ്ഥാനത്ത് 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും പത്തനംതിട്ടയില്‍ 77.16 ശതമാനം കുട്ടികളും വിജയിച്ചു. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.

തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത്. 834 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. മലപ്പുറം തിരൂരങ്ങാടിയിലെ ജിഎച്ച്എസ്എസ് സ്‌കൂളാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ സ്‌കൂള്‍. 601 കുട്ടികള്‍ ഇവിടെ പരീക്ഷ എഴുതിയിരുന്നു. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നത്.