മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയ ആളിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; നാട്ടില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി കേരളാ പോലീസും
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്നും ഫേസ്ബുക്ക് വഴി ഭീഷണി മുഴക്കിയ മലയാളിയുടെ ജോലി തെറിച്ചു. ഇയാള്‍ ജോലി ചെയ്തിരുന്ന ദുബായ് കമ്പനി ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്ത് നാട്ടിലേയ്ക്ക് തിരിച്ചയക്കുവാന്‍ പോവുകയാണ്. ആര്‍. എസ്.എസ് പ്രവര്‍ത്തകനെന്ന് സ്വയം അവകാശപ്പെട്ട എറണാകുളം കോതമംഗലും ഇരമല്ലൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ നായരാണ് തന്റെ എടുത്തുചാട്ടം കാരണം പുലിവാല് പിടിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത് ശ്രദ്ധയില്‍ പെട്ട ഉടനെയാണ് കമ്പനി കര്‍ശന നടപടി സ്വീകരിച്ചത്. ദുബായ് നിയമപ്രകാരം ഇത്തരം വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
വീഡിയോ വന്നതിനു പിന്നാലെ ഇയാള്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ജോലി സംരക്ഷിക്കപ്പെടാനുള്ള കാരണമായില്ല. അതേസമയം സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത കേരളാ പോലീസ് കൃഷ്ണകുമാര്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലാണ്. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തി പെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.







