തീര്‍ഥയാത്ര കാണാനെത്തിയ ദളിത വിഭാഗക്കാരനെ രജപുത്രര്‍ കൂട്ടം ചേര്‍ന്ന് അടിച്ചുകൊന്നു

കാന്‍വാരിയ തീര്‍ഥയാത്രയ്ക്കിടെയാണ് സംഭവം. രോഹിത് എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മീററ്റിലെ ഉല്‍ദേപൂര്‍ ഗ്രാമത്തിലൂടെ കടന്നുപോയ കാന്‍വാരിയ തീര്‍ഥയാത്ര കാണാനെത്തിയതിനാണ് ദളിതരെ രജപുത്രര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീര്‍ഥയാത്ര കാണാനെത്തിയതിന്റെ പേരില്‍ രജപുത്രവിഭാഗത്തിലെ ചിലര്‍ ദളിതരെ ആക്ഷേപിക്കുകയും മര്‍ദ്ദിച്ച് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. അല്‍പസമയത്തിനകം ദളിത് വിഭാഗത്തിലെ കൂടുതല്‍ പേര്‍ സംഭവസ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.

രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതുവരെ മരണാനന്തരചടങ്ങുകള്‍ നടത്തില്ലെന്നും ഇവര്‍ നിലപാടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രജപുത്ര വിഭാഗത്തിലെ മൂന്ന് പേരെ പോലീസ് പിടികൂടിയപ്പോഴാണ് സ്ഥിതിഗതികള്‍ ശാന്തമായത്.