പേടിഎം സ്ഥാപകനെ ബ്ലാക്ക് മെയില്‍ ചെയ്ത് സെക്രട്ടറി തട്ടാന്‍ ശ്രമിച്ചത് 20 കോടി

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേടിഎം സ്ഥാപകന്‍ വിജയ് ശേഖര ശര്‍മയുടെ പരാതിയില്‍ പ്രൈവറ്റ് സെക്രട്ടറി സോണിയാ ധവാനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പേടിഎമ്മിന്റെ നോയിഡ ഓഫീസില്‍ നിന്നാണ് സോണിയ ധവാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പേടിഎമ്മിന്റെ തുടക്കകാലം മുതല്‍ക്കു തന്നെ കമ്പനി മേധാവി വിജയ് ശേഖര്‍ ശര്‍മ്മയുടെ സെക്രട്ടറിയാണ് അറസ്റ്റിലായ സോണിയ ധവാന്‍. സഹപ്രവര്‍ത്തകനായ ദേവേന്ദ്ര കുമാറും ഭര്‍ത്താവ് രൂപക് ജൈനുമായി ചേര്‍ന്ന് ശേഖര്‍ ശര്‍മ്മയില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്തതെന്നാണ് ഇവര്‍ക്കെതിരായ പരാതി. ശേഖര്‍ ശര്‍മ്മയുടെ രഹസ്യവിവരങ്ങള്‍ വച്ച് വിലപേശി ഇവര്‍ പേടിഎമ്മില്‍ ഉയര്‍ന്ന തസ്തികകള്‍ സ്വന്തമാക്കിയെന്നും തെളിവുകളുണ്ട്.

ശര്‍മ്മയുടെ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ സ്വകാര്യ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഓഫീസ് ഫോണ്‍ എന്നിവ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം സോണിയയ്ക്കുണ്ടായിരുന്നു. ഇതുവഴി ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് രോഹിത് ചോമല്‍ എന്നയാളുടെ സഹായത്തോടെയായിരുന്നു ഭീഷണി. കമ്പനിയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് പേടിഎമ്മിന്റെ പ്രശസ്തി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം കൈക്കലാക്കിയതെന്നും പൊലീസ് പറയുന്നു.

സോണിയ, ഭര്‍ത്താവ് രൂപക് ജെയിന്‍, സോണിയയുടെ സഹപ്രവര്‍ത്തകന്‍ ദേവേന്ദ്ര കുമാര്‍, രോഹിത് ചമാല്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രോഹിത് ഒഴികെയുള്ളവരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. പത്തുവര്‍ഷത്തോളമായി വിജയ് ശര്‍മയുടെ സെക്രട്ടറിയായിരുന്നു സോണിയ. ഇക്കാലയളവിലാണ് വിജയ് പേടിഎം സ്ഥാപിക്കുന്നത്.