പോണ്‍ വെബ്‌സൈറ്റുകള്‍ ബാന്‍ ; ജിയോക്ക് പിന്നാലെ മറ്റു കമ്പനികളും രംഗത്ത്

റിലയന്‍സ് ജിയോക്ക് പിന്നാലെ രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും പോണ്‍ വെബ്സൈറ്റുകള്‍ ബാന്‍ ചെയ്യുവാന്‍ രംഗത്ത്. എയര്‍ടെല്‍ വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളും പോണ്‍ സൈറ്റുകളുടെ നിരോധനം നടപ്പിലാക്കിവരികയാണ്. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുന്നത്. മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നിലവില്‍ വരും. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മയും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 857 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ 30 വെബ്സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി. ബാക്കിയുള്ള 827 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.