നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം ഉയരുന്നു: സനലിന്റെ മരണം അപകട മരണമാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
തിരുവനന്തപുരം: നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സിബിഐ അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ആണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്ന് വിജി പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങി. സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ ശ്രമിക്കുന്നുവെന്നും വിജി ആരോപിച്ചു.
സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെറെ സഹോദരിയും പ്രതികരിച്ചിരുന്നു.
പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി.









