എന്‍ഡോസള്‍ഫാന്‍ സമരത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ ; കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് ചോദ്യം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ല. സമരം തുടരുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തതാണ്. അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. സമരക്കാര്‍ അതിന് തയ്യാറാകുന്നില്ല. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദര്‍ശന വസ്തുക്കള്‍ എന്ന് പറയാന്‍ സാധിക്കുകയെന്നും സമരസമിതി ചോദിച്ചു. സമരവുമായി മുന്നോട്ട് പോകും.
ഇത് മനുഷ്യതരഹിതമായ നിലപാടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു.ഇന്നലെ ചര്‍ച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് എങ്ങനെ ചോദിച്ചു. ഇങ്ങനെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദര്‍ശിപ്പിക്കലല്ല. നാളെ കൂടുതല്‍ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാഭായ് പറഞ്ഞു.
അതിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടു . സാമൂഹിക പ്രവര്‍ത്തക ദയാഭായി ഉള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നാളെ സങ്കട യാത്ര നടത്താനാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.









