കിഫ്ബിയില്‍ ഒളിച്ചുകളി ; കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

നൂറ് കണക്കിന് കോടി രൂപയുടെ തിരിച്ചടവിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്ക്ക് മാത്രമാണ്. അതായത്, ഓരോ സാമ്പത്തിക വര്‍ഷത്തേയും സര്‍ക്കാര്‍ ഗ്രാന്റിന്റെ വിനിയോഗം മാത്രം. സിഎജി ആക്ട് സെക്ഷന്‍ 14 അനുസരിച്ച് സിഎജി സ്വയം ഏറ്റെടുത്തതാണ് ഈ ഓഡിറ്റ്. സെക്ഷന്‍ 14 പ്രകാരം കിഫ്ബിയുടെ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് സിഎജി ആവശ്യപ്പെട്ടിട്ടും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവില്‍ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടും നടപടിയില്ല.

2016ല്‍ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തില്‍, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത് മറച്ചുവച്ച് കിഫ്ബി പ്രവര്‍ത്തനങ്ങള്‍ സിഎജി ഓഡിറ്റിന് വിധേയമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി.

സിഎജി ആവ്യശ്യപ്പെട്ടിട്ടും സെക്ഷന്‍ 20 പ്രകാരം സമ്പൂര്‍ണ്ണ പ്രവര്‍ത്തക ഓഡിറ്റ് നിഷേധിച്ചതിനുള്ള സര്‍ക്കാര്‍ ന്യായം അതിവിചിത്രമാണ്. സിഎജിയുടെ പരിശോധനയും അഭിപ്രായങ്ങളും നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിഎജി ഓഡിറ്റ് നിക്ഷേപകരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാക്കുമെന്ന എജിയുടെ മറുപടിയോട് സര്‍ക്കാര്‍ പിന്നെ പ്രതികരിച്ചില്ല. ഈ വര്‍ഷം ഫെബ്രുവരി 11ന് മുഖ്യമന്ത്രിക്ക് എജി അയച്ച കത്തിനും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ആയിരക്കണക്കിന് കോടി വരുന്ന കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കില്‍ ഈ പദ്ധതി സമഗ്രമായ ഓഡിറ്റിന് വിധേയമാക്കേണ്ടേത് കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി പ്രവര്‍ത്തന ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അത് നിരാകരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്. സിഎജി ഓഡിറ്റിലൂടെ കിഫ്ബിയെക്കുറിച്ച് എന്ത് തെറ്റായ സന്ദേശമാണ് നിക്ഷേപകര്‍ക്ക് കിട്ടുക. ഇത് അറിയാന്‍ പൗരന് അവകാശമില്ലേ? സെക്ഷന്‍ 20 പ്രകാരമുള്ള സമ്പൂര്‍ണ്ണ ഓഡിറ്റ് നിഷേധിച്ചശേഷം പദ്ധതിക്ക് സിഎജി ഓഡിറ്റ് ഉണ്ടെന്ന് സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ് എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്.